1. ലോകത്ത് നിലവിലുള്ള ഏറ്റവും കരുത്തുറ്റ ലിഫ്റ്റ് ഹെലികോപ്റ്ററുകളിലൊന്നാണ് ചിനൂക്ക്.  യുഎസ് നിർമ്മിച്ചതാണിത്.  1962 ലായിരുന്നു ഈ ഹെലികോപ്റ്റര്‍ നിർമ്മിച്ചത്.തുടർന്ന് ഇത് യുഎസ് സേനയുടെ ഭാഗമായി. അഫ്ഗാൻ, ഇറാഖ്, വിയറ്റ്നാം യുദ്ധങ്ങളിൽ യുഎസ് സേന  ചിനൂക് ഉപയോഗപ്പെടുത്തി. എതിരാളികളെ അപേക്ഷിച്ച് കൂടിയ വേഗമാണ് ചിനൂക്കിന്റെ പ്രത്യേകത. മണിക്കൂറിൽ 302 കിലോമീറ്ററാണ് പരമാവധി വേഗം.ഏകദേശം 741 കിലോമീറ്റർ വരെ ഒറ്റയടിക്ക് പറക്കാനാവും. 6100 മീറ്റർ ഉയരത്തിൽ വരെ പറക്കാനും സാധിക്കും.  3 പേരാണ് ചിനൂകിലെ ക്രൂ. അവരെ കൂടാതെ 33 മുതൽ 35 വരെ സൈനികരെയും വഹിക്കാനാവും.10886 കിലോഗ്രാം ഭാരം വഹിക്കാനും ഈ കരുത്തനാകും. 3529 കിലോവാട്ട് വീതമുള്ള രണ്ട് ടർബോ ഷാഫ്റ്റ് എൻജിനാണ് ഹെലികോപ്റ്ററിന് കരുത്തു പകരുന്നത്. 

വാഹനങ്ങൾക്ക് എത്താന്‍ കഴിയാത്ത ദുർഘട ഇടങ്ങളിലേക്ക് സേനയ്ക്കാവശ്യമായ ഭാരമേറിയ യന്ത്രങ്ങൾ, ആയുധങ്ങൾ, പീരങ്കികൾ എന്നിവ എത്തിക്കുകയാണ് ചിനൂക്കിന്‍റെ പ്രധാന ദൗത്യംയുദ്ധ ടാങ്കുകളടക്കമുള്ള 12 ടൺവരെ ഭാരമുള്ള യുദ്ധസാമഗ്രികളുമായി പറക്കാനുള്ള ശേഷി ഈ ഹെലികോപ്റ്ററുകൾക്കുണ്ട്.യുദ്ധമുഖത്ത് പെട്ടെന്ന് സൈനികരെയെത്തിക്കാനും രക്ഷാപ്രവർത്തനങ്ങളുടെ ഭാഗമായി നിരവധി പേരെ ഒരേസമയം ഒഴിപ്പിക്കാനും ശേഷിയുള്ളതാണ് ഈ ഹെലികോപ്റ്ററുകൾ.55 യാത്രക്കാരെ ഒരേ സമയം ഹെലികോപ്റ്റർ ഉൾകൊള്ളും. അമേരിക്കൻ വ്യോമയാനക്കമ്പനിയായ ബോയിങ്ങിൽ നിന്ന് ഇന്ത്യ പ്രതിരോധ സൈനിക ആവശ്യങ്ങൾക്കായി ചിനൂക് ഹെലികോപ്റ്റർ വാങ്ങിയിട്ടുണ്ട്.15 ഹെലികോപ്റ്ററുകൾ വാങ്ങാനാണ് ഇന്ത്യ ബോയിങ്ങുമായി കരാറൊപ്പിട്ടത്. 

 6100 അടി ഉയരത്തിൽ പറക്കാൻ സാധിക്കുന്നതിനാൽ സിയാച്ചിൻ ലഡാക്ക് പോലുള്ള ഉയർന്ന മേഖലകളിലെ സൈനിക വിന്യാസം സുഗമമാക്കാൻ ഇന്ത്യക്ക് കഴിയും. നിലവിൽ യുഎസ്, ഓസ്ട്രേലിയ, അർജന്റീന, ഇറാൻ, ഇറ്റലി, ജപ്പാൻ, ഒമാൻ, സ്പെയിൻ, ദക്ഷിണ കൊറിയ, യുകെ തുടങ്ങി നിരവധി രാജ്യങ്ങളിലെ സേനകൾക്ക് ഈ ഹെലികോപ്റ്ററുണ്ട്. 

വിവിധ മോഡലുകളിലായി ഇതുവരെ ഏകദേശം 1500ൽ അധികം ഹെലികോപ്റ്ററുകൾ കമ്പനി നിർമിച്ചിട്ടുണ്ട്.

Photo credit : www.unsplash.com, www.pexels.com