പ്രണയിക്കുന്നവര്‍ക്കും പ്രണയം മനസ്സില്‍ സൂക്ഷിക്കുന്നവര്‍ക്കുമായി ഒരു ദിനം. പ്രണയിക്കുന്നവര്‍ക്കും പ്രണയം തുറന്നു പറയാന്‍ ആഗ്രിക്കുന്നവര്‍ക്കും വളരെ പ്രത്യേകത നിറഞ്ഞ ദിവസമാണ് ഫെബ്രുവരി 14- വാലന്‍റൈന്‍സ് ദിനം. സെന്റ് വാലന്‍റൈൻ എന്ന പുരോഹിതന്‍റെ ഓർമ ദിനമാണ് ഫെബ്രുവരി 14ന് വാലന്‍റൈൻസ് ദിനമായി ആചരിച്ചു തുടങ്ങിയതെന്നാണ് കരുതുന്നത്. 

അക്കാലത്ത് റോമിന്റെ ഭരണാധികാരി ക്ലോഡിയസ് രണ്ടാമൻ ആയിരുന്നു. യുദ്ധത്തില്‍ തൽപ്പരനായിരുന്ന അദ്ദേഹം യുവാക്കളായ സൈനികർ വിവാഹിതരാകാൻ പാടില്ലെന്ന നിബന്ധന മുമ്പോട്ടുവെച്ചു. പക്ഷേ രാജാവറിയാതെ പുരോഹിതനായ വാലന്റൈൻ സ്നേഹിക്കുന്നവരെ ഒരുമിപ്പിക്കാനായി രഹസ്യമായി വിവാഹങ്ങൾ നടത്തിക്കൊടുത്തു. ഈ വിവരം അറിയാനിടയായ ക്ലോഡിയസ് ചക്രവർത്തി വാലൻന്റൈനെ ജയിലിൽ അടച്ചു. പിന്നീട് ബിഷപ്പ് വാലൻന്റൈൻ ജയിലറുടെ അന്ധയായ മകളുമായി സ്നേഹത്തിൽ ആയി. ബിഷപ്പിന്റെ സ്നേഹവും വിശ്വാസവും കാരണം ആ പെൺകുട്ടിക്ക് കാഴ്ചശക്തി ലഭിച്ചു. ഇതറിഞ്ഞ ചക്രവർത്തി വാലന്റൈന്റെ തല വെട്ടാൻ ആജ്ഞ നൽകി. തലവെട്ടാൻ കൊണ്ടുപോകുന്നതിന് മുൻപ് വാലൻന്റൈൻ ആ പെൺകുട്ടിക്ക് “ഫ്രം യുവർ വാലൻന്റൈൻ” എന്നെഴുതിയ ഒരു കുറിപ്പ് വെച്ചു. 

ഇതിന് ശേഷം ഫെബ്രുവരി 14-ന് അദ്ദേഹത്തെ വധിച്ചു. ഈ സംഭവം നടന്ന് 200 വർഷങ്ങൾക്ക് ശേഷമാണ് ഫെബ്രുവരി 14 സെന്റ് വാലന്റൈൻസ് ദിനമായി പ്രഖ്യാപിച്ചത്. എഡി 270 ൽ ഫെബ്രുവരി പകുതിയോടെ അന്തരിച്ച വിശുദ്ധ വാലന്റൈന്റെ മരണ വാർഷികത്തോടനുബന്ധിച്ചാണ് ഈ ദിനം ആഘോഷിക്കുന്നതെന്നാണ് വിശ്വാസം.

ഫെബ്രുവരി 14ന് മുമ്പ് റോസ് ഡേ, പ്രൊപോസ് ഡേ, ചോക്ലേറ്റ് ഡേ, ടെഡ്ഡി ഡേ, പ്രോമിസ് ഡേ, കിസ് ഡേ, ഹഗ് ഡേ എന്നിങ്ങനെയാണ് ആഘോഷദിനങ്ങളുടെ ക്രമം. ഫെബ്രുവരി ഏഴിനാണ് റോസ് ഡേ. ഫെബ്രുവരി എട്ടിനാണ് പ്രൊപ്പോസ് ഡേ ആഘോഷിക്കാറുള്ളത്. ഫെബ്രുവരി 9-നാണ് ചോക്ലേറ്റ് ഡേ. ഫെബ്രുവരി 10ന് ടെഡ്ഡി ഡേ. ഫെബ്രുവരി 11-നാണ് പ്രോമിസ് ഡേ. ഫെബ്രുവരി 12-നാണ് പ്രണയിനികൾ കാത്തിരിക്കുന്ന കിസ് ഡേ. ഫെബ്രുവരി 13നാണ് ഹഗ് ഡേ.