സഞ്ചാരികളെ ആകര്‍ഷിക്കുന്ന പുനലൂര്‍ തൂക്കുപാലം

 കൊല്ലം ജില്ലയിലെ മലയോര പട്ടണമായ പുനലൂരിൽ,  കല്ലടയാറിന്റെ ഇരുകരകളെയും തമ്മില്‍ ബന്ധിപ്പിക്കുന്ന തൂക്കുപാലമാണ് പുനലൂർ തൂക്കുപാലം. തിരുവിതാംകൂർ രാജാവായിരുന്ന ആയില്യം തിരുനാളിന്റെ കാലത്താണ് ഈ തൂക്കുപാലം നിർമ്മിച്ചതും പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തതും.അന്നത്തെ ദിവാൻ ആയിരുന്ന നാണുപിള്ളയാണ് കല്ലടയാറിന് മുകളിലൂടെ പുനലൂരിൽ തൂക്കുപാലം നിർമ്മിക്കാനുള്ള അനുമതി നൽകിയത്. 1871 ലാണ് അദ്ദേഹം ഇതിനുള്ള അനുമതി നല്‍കിയത്. ബ്രിട്ടീഷ്‌ സാങ്കേതികവിദഗ്ദ്ധനായ ആൽബെർട്‌ ഹെൻട്രിയുടെ മേൽനോട്ടത്തിലാണ് തൂക്കുപാലത്തിന്‍റെ  രൂപകൽപനയും നിർമ്മാണവും ആരംഭിച്ചത്.

1877- ൽ തൂക്കുപാലത്തിന്‍റെ നിര്‍മ്മാണം പൂർത്തിയാക്കി. തുടര്‍ന്ന് മൂന്നുവർഷങ്ങൾക്ക് ശേഷം 1880-ലാണ് പാലം പൊതു ഗതാഗതത്തിനായി തുറന്നു നല്‍കിയത്. തെക്കേ ഇന്ത്യയിലെ തന്നെ ഇത്തരത്തിലുള്ള ആദ്യ സംരംഭമായിരുന്നു ഈ തൂക്കുപാലം.കല്ലടയാറിന്റെ ഇരുകരകളിലുമായി വളർന്നുവന്ന പുനലൂർ പട്ടണത്തിന്റെ ചരിത്രത്തില്‍ പ്രധാന പങ്കുവഹിച്ച തൂക്കുപാലത്തിന്റെ നിർമ്മാണം തമിഴ്‌നാടുമായുള്ള വാണിജ്യവ്യാപാര ബന്ധം ശക്തമാക്കുന്നതിന് ഏറെ  സഹായകമായി.നീരൊഴുക്കും അടിയൊഴുക്കും വളരെ കൂടുതലുള്ള നദിയാണ്‌ കല്ലടയാർ. ഇക്കാരണത്താല്‍ തന്നെ തൂണുകളിൽ കെട്ടിപ്പടുക്കുന്ന സാധാരണ പാലം ഇവിടെ പ്രായോഗികമല്ല എന്ന് ബോധ്യപ്പെട്ടിരുന്നു.ഇതോടെയാണ് തൂക്കുപാലമെന്ന ആശയത്തിലേക്കെത്തിയത്.

കമാന ആകൃതിയിലുള്ള രണ്ട്‌ വലിയ തൂണുകളെ പരസ്പരം ബന്ധിപ്പിക്കുന്ന രീതിയില്‍ രണ്ടുവശത്തുമായി രണ്ട്‌ കൂറ്റൻ ചങ്ങലകളാൽ തൂക്കിയിട്ടിരിക്കുകയാണ്‌ ഈ പാലത്തിന്‍റെ പ്രധാന ഭാഗം. ചങ്ങലകൾ പൂർണ്ണമായും കരഭാഗത്ത്‌ സ്ഥാപിച്ചിരിക്കുന്ന നാലു കിണറുകൾക്കുള്ളിലിറക്കി ശക്തിപ്പെടുത്തുകയും ഒപ്പം മധ്യഭാഗത്തെ കരഭാഗവുമായി സമാനരീതിയിൽ ബന്ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. 20 അടിയോളം വീതിയും നാനൂറ്‌ അടിയോളം നീളവുമാണ് ഈ തൂക്ക്‌ പാലത്തിനുള്ളത്.

തമിഴ്‌നാട്ടിൽ നിന്നുമുള്ള കച്ചവടസംഘങ്ങൾ ഇതുവഴി വന്നുപോയി, മിക്കവരും തിരികെ പോകാതെ പുനലൂരും പരിസരപ്രദേശങ്ങളിലും തമ്പടിക്കുകയും ചെയ്തു. തുടര്‍ന്ന് നിലവിലുണ്ടായിരുന്ന തമിഴ്‌ ചുവയുള്ള സംസ്കാരം കൂടുതൽ ശക്തമാകുകയും ചെയ്തു. പണ്ട് കാളവണ്ടികളും കുതിരവണ്ടികളും പിന്നീട് മോട്ടോർ വാഹനങ്ങളും ഈ തൂക്കു പാലത്തിലൂടെ കടന്നുപോയിട്ടുണ്ട്.  പിന്നീട് സമാന്തരമായി തൊട്ടടുത്തുതന്നെ പുതിയപാലം വന്നു. ഇതോടെ ഗതാഗതം മുഴുവൻ ആ പാലത്തിലേക്ക് മാറുകയായിരുന്നു. പാലത്തിലേക്ക്‌ പ്രവേശിക്കുമ്പോൾ ചങ്ങലകൾ മുറുകി ഒരു ചലനമുണ്ടാകുമായിരുന്നത്‌ പുനലൂർ തൂക്കുപാലത്തിന്റെ പ്രധാന സവിശേഷതകളിലൊന്നാണ്. പാലത്തിൽ വന്യമൃഗങ്ങൾ കയറിയാൽ ഭയപ്പെടുത്തുന്നതിന് വേണ്ടിയായിരുന്നു ഈ സംവിധാനമെന്നാണ് പറയപ്പെടുന്നത്. എന്നാല്‍ ഇപ്പോൾ ഇത് തീരെ ഇല്ലാതായിരിക്കുന്നു.  

തടിത്തട്ടിൽ ഇരുമ്പ്‌ പട്ട പിടിപ്പിച്ച്‌ കൂറ്റൻ ഇരുമ്പാണികളിറക്കി ബലപ്പെടുത്തിയത്‌ തുരുമ്പെടുത്ത്‌ നശിച്ചു. സംസ്കാരികപ്രവർത്തകരുടെ തുടര്‍ച്ചയായുള്ള ഇടപെടലുകളുടെയും നിരവധി നിവേദനങ്ങളുടെയും ഫലമായി  പുരാവസ്തുവകുപ്പ്‌ പാലത്തിന്റെ ഉടമസ്ഥതയേറ്റെടുത്തു.ഇതോടെ  പാലത്തിന്റെ നടുവിലൂടെയുണ്ടായിരുന്ന ജലവിതരണക്കുഴൽ മാറ്റി സ്ഥാപിച്ചു.പുരാവസ്തുവകുപ്പിന്റെ മേൽനോട്ടത്തിൽ  മെച്ചപ്പെട്ട രീതിയിൽ പാലത്തിന്‍റെ നവീകരണവും ബലപ്പെടുത്തലും നടത്തിയിരുന്നു.  കല്ലടയാറിനു കുറുകെയുള്ള ഈ പാലം 1.35 കോടി രൂപ മുടക്കിയാണ് നവീകരിച്ചിരിക്കുന്നത്.  നവീകരണത്തിന് ശേഷം പാലം തുറന്നു കൊടുത്തപ്പോള്‍ ഇവിടേക്ക് നിരവധി സന്ദര്‍ശകരാണെത്തിയത്. 

കൊല്ലം നഗരത്തിൽ നിന്നും 45 കിലോമീറ്ററും തിരുവനന്തപുരം നഗരത്തിൽ നിന്നും 65 കിലോമീറ്ററും  പത്തനംതിട്ടയിൽ നിന്നും 50 കിലോമീറ്റരറും ദൂരത്തായാണ് പുനലൂർ സ്ഥിതി ചെയ്യുന്നത്.