ഇരുപത്തിയൊന്ന് വർഷത്തെ കാത്തിരിപ്പിന് ശേഷം ഹർനാസ് സന്ധുവിലൂടെ വിശ്വസുന്ദരിപ്പട്ടം ഇന്ത്യയിലേക്ക്. വിശ്വസുന്ദരി കിരീടം ചൂടുന്ന മൂന്നാമത്തെ ഇന്ത്യക്കാരിയാണ് സന്ധു. 2000 ല്‍ ലാറ ദത്ത വിശ്വസന്ദരീ പട്ടം നേടിയതിന് ശേഷം ഇന്ത്യയിലേക്കൊരു വിശ്വസുന്ദരി പട്ടമെത്തുന്നത് ഹർനാസ് സന്ധുവിലൂടെയാണ്. 

ഇസ്രായേലിലെ എലിയറ്റില്‍ നടന്ന 70-ാമത് മിസ് യൂണിവേഴ്‌സ് 2021-ൽ ഇന്ത്യയെ പ്രതിനിധീകരിച്ച് മത്സരിച്ച പഞ്ചാബിൽ നിന്നുള്ള 21-കാരി ഹർനാസ് സന്ധുവാണ് രാജ്യത്തിന് അഭിമാനമായത്. ഹർനാസ് സന്ധു ജനിച്ച വര്‍ഷമായിരുന്നു ഇന്ത്യ അവസാനമായി ലാറ ദത്തയിലൂടെ വിശ്വസുന്ദരീപട്ടം നേടിയത്. അതിന് മുമ്പ് 1994 ല്‍ സുസ്മിത സെന്നിലൂടെയാണ് ഇന്ത്യയിലേക്ക് ആദ്യമായൊരു വിശ്വസുന്ദരീ പട്ടം എത്തിയത്.  

പരാഗ്വേയും ദക്ഷിണാഫിക്കയുമാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടിയത്. എല്ലാ റൗണ്ടുകളിലും മികച്ച പ്രകടനം നടത്തിയാണ് ഹർനാസ് സന്ധു വിശ്വസുന്ദരിപ്പട്ടം ഇന്ത്യയിലേക്ക് എത്തിക്കുന്നത്. മെക്സിക്കോയിൽ നിന്നുള്ള മുൻ മിസ് യൂണിവേഴ്സ് 2020 ആൻഡ്രിയ മെസയാണ് സന്ധുവിന് കിരീടം സമ്മാനിച്ചത്