രാജ്യത്തെ നടുക്കിയ കൂനൂർ ഹെലികോപ്റ്റർ അപകടത്തിൽ  സംയുക്ത സേനാ മേധാവി ബിപിൻ റാവത്ത് കൊല്ലപ്പെട്ട വാർത്ത  അതീവ ദുഃഖത്തോടെയും ഞെട്ടലോടെയുമാണ് ഇന്ത്യൻ ജനത ഉൾക്കൊണ്ടത്. വ്യോമസേനയാണ് സൈനിക മേധാവിയുടെ മരണ വിവരം സ്ഥിരീകരിച്ചത്. ബിപിൻ റാവത്തിന്‍റെ ഭാര്യ മധുലിക റാവത്തും അപകടത്തിൽ മരിച്ചു. 14 പേരുണ്ടായിരുന്ന ഹെലികോപ്റ്ററിൽ ഒരാളൊഴികെ ബാക്കിയെല്ലാവരും മരണത്തിന് കീഴടങ്ങി. 

ബുധനാഴ്ച ഉച്ചയോടെയാണ് രാജ്യത്തെ പ്രധാനപ്പെട്ട സൈനിക ഉദ്യോഗസ്ഥന്‍റെ ജീവനെടുത്ത ദുരന്തമുണ്ടായത്. ബിപിൻ റാവത്ത് സഞ്ചരിച്ച ഹെലികോപ്ടർ ഊട്ടിക്ക് അടുത്ത് കൂനൂരിൽ തകർന്നു വീഴുകയായിരുന്നു. വ്യോമസേനയുടെ എം.17 ഹെലികോപ്ടറാണ് അപകടത്തിൽപ്പെട്ടത്. സുളൂർ വ്യോമസേന കേന്ദ്രത്തിൽൽ നിന്നും വെല്ലിംഗ്ടണ് ഡിഫൻസ് കോളേജിലേക്കുള്ള യാത്രയിലായിരുന്നു സംയുക്ത സൈനിക മേധാവി. ഇതിനിടെയാണ് രാജ്യത്തെ നടുക്കിയ ദുരന്തം സംഭവിച്ചത്. 

ഇന്ത്യൻ സൈന്യത്തിന്‍റെ ധീരമുഖമായിരുന്നു ജനറൽ ബിപിൻ റാവത്ത്. ഉത്തരാഖണ്ഡിലെ പൗഡിൽ 1948 മാര്‍ച്ച് 16നായിരുന്നു ബിപിൻ റാവത്തിന്‍റെ ജനനം. ഡെറാഡൂണിലെ കാബ്രിയാൻ ഹാൾ സ്കൂളിലും ഷിംലയിലെ സെന്‍റ് എഡ്വേര്‍ഡ് സ്കൂളിലുമായി പ്രാഥമിക വിദ്യാഭ്യാസം. വെല്ലിംഗ്ടണ്‍ ഡിഫൻസ് സര്‍വ്വീസസ് സ്റ്റാഫ് കോളേജ്, നാഷണൽ ഡിഫൻസ് അക്കാദമി, ഡെറാഡൂണിലെ ഇന്ത്യൻ മിലിട്ടറി അക്കാദമി, അമേരിക്കയിലെ ആര്‍മി സ്റ്റാഫ് കോളേജ് എന്നിവിടങ്ങളിൽ നിന്ന് ഉന്നത സൈനിക വിദ്യാഭ്യാസം. മികച്ച പ്രകടനത്തിനുള്ള ബഹുമതി നേടിയാണ് സൈനിക വിദ്യാഭ്യാസത്തിന് ശേഷം രാജ്യത്തിന്‍റെ കാവൽക്കാരനിലേക്കുള്ള യാത്ര. 

1978 ഡിസംബര്‍ പതിനാറിന് ഗൂര്‍ഖാ റൈഫിൾസിൽ സെക്കന്‍റ് ലെഫ്നന്‍റായി തുടക്കം. കരസേനയിൽ ലെഫ് ജനറലായിരുന്ന അച്ഛൻ ലക്ഷ്മണ സിംഗിന്‍റെ അതേ യൂണിറ്റിൽ നിന്നു തന്നെയായിരുന്നു റാവത്തിന്‍റെയും ആദ്യ നിയോഗം. ഒരു വര്‍ഷത്തിന് ശേഷം ലെഫ്റ്റനൻ്റ് സ്ഥാനത്തേക്ക് ഉയർച്ച. ഉയരമുള്ള യുദ്ധമുഖത്ത് പ്രത്യേക പരിശീലനം നേടിയ സൈനിക ഉദ്യോഗസ്ഥനായിരുന്നു റാവത്ത്. പത്ത് വര്‍ഷം ജമ്മു കശ്മീരിലെ ഭീകരവിരുദ്ധ പോരാട്ടത്തിൽ സൈന്യത്തെ നയിച്ചു. 2014 ജൂണ്‍ ഒന്നിന് ലെഫ്നൻ്റ് ജനറലായി. ജമ്മുകശ്മീരിലെ നിര്‍ണായക സൈനിക നീക്കങ്ങൾ നടന്ന രണ്ട് വര്‍ഷം അദ്ദേഹമായിരുന്നു കരസേനാ മേധാവി.