ഒറ്റ രാത്രി കൊണ്ട് ശവപ്പറമ്പായി മാറിയ പ്രദേശങ്ങള്‍, ശ്വാസംമുട്ടി പിടഞ്ഞു മരിച്ചവര്‍. ജീവന്‍ അവശേഷിച്ചവര്‍ക്ക് വിട്ടുമാറാത്ത രോഗങ്ങളും. ലോകത്തിലെ ഏറ്റവും വലിയ വ്യാവസായിക ദുരന്തമെന്ന് അറിയപ്പെടുന്ന ഭോപ്പാല്‍ ദുരന്തത്തിന്‍റെ ദാരുണമായ കാഴ്ചകളാണിവ.1984 ഡിസംബർ രണ്ടിന് രാത്രിയാണ് ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും ദൗര്‍ഭാഗ്യകരമായ വ്യാവസായിക ദുരന്തം ഉണ്ടായത്.അമേരിക്കൻ രാസവ്യവസായഭീമനായ യൂണിയൻ കാർബൈഡ് കമ്പനിയുടെ ഇന്ത്യയിലെ ഭോപ്പാലിലുണ്ടായിരുന്ന കീടനാശിനി നിർമ്മാണശാലയിലാണ് അപകടമുണ്ടായത്. കീടനാശിനി നിർമ്മാണശാല പ്രവര്‍ത്തനം ആരംഭിച്ച് എട്ടാമത്തെ വര്‍ഷമായിരുന്നു ഇത് സംഭവിച്ചത്.

1984 ഡിസംബർ 2 ന് കീടനാശിനി ശാലയില്‍ 42 ടൺ മീഥൈൽ ഐസോസയനേറ്റ് ശേഖരിച്ച ടാങ്കിൽ വെള്ളം കയറി. പിന്നീട് നടന്ന രാസപ്രവർത്തനങ്ങളുടെ ഫലമായി ടാങ്കിനുള്ളിലെ താപനില 200 ഡിഗ്രി സെൽഷ്യസിന് മുകളിലെത്തുകയും ചെയ്തു.  സംഭരണിക്കുള്ളിലെ മർദ്ദം അതിനു താങ്ങാനാവുന്നതിലധികമായി വർദ്ധിച്ചു. അമിതമർദ്ദം വരുമ്പോൾ സ്വയം തുറന്ന് വാതകം പുറന്തള്ളുന്നതിനുള്ള സംവിധാനം സംഭരണിയിൽ ഉണ്ടായിരുന്നു.  ഈ സംവിധാനം പ്രവർത്തിച്ച് വൻതോതിൽ വിഷവാതകം പുറന്തള്ളി.ഇതിന്‍റെ ഫലമായി  ഫോസ്ജീൻ, ഹൈഡ്രജൻ സയനൈഡ്, കാർബൺ മോണോക്സൈഡ്, നൈട്രജൻ ഓക്സൈഡുകൾ എന്നീ വിഷവാതകമിശ്രിതങ്ങളും മീഥൈൽ ഐസോസയനേറ്റും അന്തരീക്ഷത്തിലേയ്ക്ക് വ്യാപിച്ചു.കാറ്റിന്‍റെ ദിശ അനുസരിച്ച് ഈ വിഷവാതകം ഭോപ്പാല്‍ നഗരത്തെ മൂടി.

വിഷവാതകം ശ്വസിച്ച് 16000 നും 30000 നും ഇടയിൽ ആൾക്കാർ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍ജീവന്‍ തിരിച്ചുകിട്ടിയ രണ്ട് ലക്ഷത്തിൽപ്പരം ആൾക്കാര്‍ നിത്യരോഗികളായി.വിട്ടുമാറാത്ത ചുമ, കാഴ്ചതടസ്സം, കുട്ടികളിലെ തിമിരം, കാൻസർ, ക്ഷയം, തളർച്ച, വിഷാദം, പനി എന്നിങ്ങനെയുള്ള രോഗങ്ങളും മറ്റ് ദുരിതങ്ങളും പതിറ്റാണ്ടുകളോളം ജനങ്ങളെ വേട്ടയാടി.ചോർച്ചയുണ്ടായ ഉടനെ 2,259 പേർ മരിച്ചതായാണ് ഔദ്യോഗിക കണക്കുകൾ. 

ദുരന്തം സംഭവിച്ച് രണ്ടാഴ്ചക്കകം 8,000ലേറെ പേര്‍ മരിച്ചതായും കണക്കാക്കുന്നു.  ഗ്ലോബൽ ടോക്സിക് ഹോട്ട് സ്പോട്ട് എന്നാണ്‌ ഗ്രീൻപീസ് പ്രസ്ഥാനം ഭോപ്പാലിനെ വിളിക്കുന്നത്.1917 ലാണ് യൂണിയൻ കാർബൈഡ് കോർപ്പറേഷൻ സ്ഥാപിതമാവുന്നത്. യൂണിയൻ കാർബൈഡ് കോർപ്പറേഷന്റെ ഇന്ത്യൻ വിഭാഗമാണ് യൂണിയൻ കാർബൈഡ് ഇന്ത്യാ ലിമിറ്റഡ്. 1926 ൽ എവറഡി കമ്പനി ഇന്ത്യാ ലിമിറ്റഡ് എന്ന ബാറ്ററി നിർമ്മാണ ശാല തുടങ്ങിയതോടെയാണ് യൂണിയൻ കാർബൈഡ് ഇന്ത്യാ ലിമിറ്റഡ് തങ്ങളുടെ വ്യവസായ സംരംഭങ്ങൾക്ക് തുടക്കമിട്ടത്. 1959 ൽ എവറഡി കമ്പനി നാഷണൽ കാർബൺ കമ്പനി എന്ന പുതിയ പേരു സ്വീകരിച്ചു.

1955 ൽ പബ്ലിക് ലിമിറ്റഡ് കമ്പനിയായി. യൂണിയൻ കാർബൈഡ് പിന്നീട് കീടനാശിനി നിർമ്മാണത്തിലേക്കു കടന്നു. 1969 ൽ ആണ് യൂണിയൻ കാർബൈഡ് കോർപ്പറേഷൻ ഭോപ്പാലിൽ പ്ലാന്റ് സ്ഥാപിച്ചത്.

.മീതൈൽ ഐസോ സയനേറ്റ് ഉപയോഗിച്ച് സെവിൻ എന്ന നാമത്തിൽ കാർബറിൽ എന്ന രാസവസ്തു കമ്പനി ഉണ്ടാക്കി. മീഥൈലാമൈൻ ഫോസ്ഫീനുമായി പ്രവർത്തിപ്പിച്ചുണ്ടാക്കുന്ന മീതൈൽ ഐസോ സയനേറ്റ് 1- നാഫ്ത്തനോളുമായി പ്രവർത്തിപ്പിച്ചാണ് കാർബറിൽ എന്ന സെവിൻ ഉല്‍പ്പാദിപ്പിക്കുന്നത്.  പ്രതിവർഷം 5000 ടൺ സെവിൻ നിർമ്മിക്കാനായിരുന്നു ഭാരത സർക്കാർ യൂണിയൻ കാർബൈഡിനു അനുമതി നൽകിയിരുന്നത്. എന്നാൽ ഇന്ത്യയിലെ വാർഷിക വിപണനം 2000 ടണ്ണിൽ കൂടുതലാവില്ല എന്നറിയാവുന്ന ഇന്ത്യൻ പ്രതിനിധി വളരെ ചെറിയ ഒരു ഉത്പാദനശാല നിർമ്മിക്കാനുള്ള ഉപദേശമാണ് മാതൃകമ്പനിക്കു നൽകിയത്.  ഈ നിര്‍ദ്ദേശം അവഗണിച്ച് ഏറ്റവും വലിയ ഒരു ഉല്‍പ്പാദനശാല നിർമ്മിക്കാൻ യൂണിയൻ കാർബൈഡ് കോർപ്പറേഷൻ തീരുമാനിക്കുകയായിരുന്നു. കൂടുതൽ മാരകമായ രസവസ്തുക്കളുടെ (MIC) ഉപയോഗം, ഈ രാസവസ്തുക്കൾ ചെറിയ ചെറിയ സംഭരണികളിൽ സൂക്ഷിക്കുന്നതിനു പകരം വലിയ സംഭരണികളിൽ ഒന്നിച്ച് സൂക്ഷിച്ചത്, 

 കുഴലുകളിൽ എളുപ്പം ദ്രവിക്കുന്ന ലോഹങ്ങൾ ഉപയോഗിച്ചത്,1980 ൽ ഉത്പാദനം നിർത്തിയ ശാലയുടെ അറ്റകുറ്റ പണികൾ വേണ്ടവിധം നടത്താതിരുന്നത് എന്നിങ്ങനെ വാതക ചോര്‍ച്ചയിലേക്ക് നയിച്ചതില്‍ ഉത്പാദനശാലയുടെ രൂപകല്പനക്കും കമ്പനിയുടെ ചെലവുചുരുക്കൽ നടപടികൾക്കും പങ്കുണ്ട്.ജനസാന്ദ്രമായ പ്രദേശത്താണ് ഉല്‍പ്പാദന ശാല സ്ഥാപിച്ചതും.2010 ജൂൺ 7 നാണ് ഭോപ്പാൽ വിഷവാതകച്ചോർച്ചയുടെ വിധി പ്രഖ്യാപിച്ചത്.യൂണിയൻ കാർബൈഡ് ഇന്ത്യാ കമ്പനി മുൻചെയർമാൻ കേശബ് മഹീന്ദ്ര ഉൾപ്പെടെ 7 പേർക്ക് 1 ലക്ഷം രൂപ പിഴയും 2 വർഷം തടവും കമ്പനിയ്ക്ക് 5 ലക്ഷം രൂപ പിഴയുമാണ് ഭോപ്പാൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് വിധിച്ചത്. പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച യൂണിയൻ കാർബൈഡിന്റെ അന്നത്തെ സിഇഒ വാറൻ ആൻഡേഴ്സൺ മരണം വരെ ഇന്ത്യയിൽ കാൽകുത്താതെ രക്ഷപ്പെട്ടു.

 യൂണിയൻ കാർബൈഡ് കമ്പനി നാമമാത്രമായ നഷ്ടപരിഹാരം നൽകി ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറുകയും ചെയ്തു. യൂണിയൻ കാർബൈഡ് ഇന്ന് ഡൗ കെമിക്കൽസ് എന്ന പേരിൽ നിരവധി കീടനാശിനികൾ ഉത്പാദിപ്പിക്കുന്നു.കാലങ്ങള്‍ കഴിഞ്ഞാലും ഇന്ത്യന്‍ ജനതയ്ക്ക് മറക്കാനാകാത്ത ദുരിതമാണ് ഭോപ്പാല്‍ ദുരന്തം അവശേഷിപ്പിച്ചത്.