സ്വതന്ത്ര ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ജന്മദിനമായ നവംബർ 14 ആണ് ഇന്ത്യയിൽ ശിശുദിനമായി ആഘോഷിക്കുന്നത്. 1889 നവംബര്‍ 14നാണ് നെഹ്‌റു ജനിച്ചത്. ചാച്ചാജി എന്ന് അറിയപ്പെട്ടിരുന്ന നെഹ്‌റുവിന് കുട്ടികളെ വളരെയേറെ ഇഷ്ടമായിരുന്നു. കുട്ടികളോടുള്ള അദ്ദേഹത്തിന്‍റെ സ്‌നേഹവും വാത്സല്യവുമാണ് നെഹ്‌റുവിന്റെ ജന്‍മദിനം തന്നെ കുട്ടികളുടെ ആഘോഷത്തിനു വേണ്ടി തിരഞ്ഞെടുത്തതിനുള്ള കാരണം.

 ശിശുദിനത്തോടനുബന്ധിച്ച് രാജ്യത്തുടനീളം കുട്ടികളുടെ പരിപാടികളും സമ്മേളനങ്ങളും സംഘടിപ്പിക്കും. ചാച്ചാജിയുടെ വേഷമണിഞ്ഞുളള കുരുന്നുകളുടെ കലാപരിപാടികളും സമ്മാന വിതരണവും ഉണ്ടാകും. പൂക്കളെ സ്നേഹിച്ചിരുന്ന ചാച്ചാജിയുടെ ഓർമയ്ക്കായി കുരുന്നുകൾ ശിശുദിനത്തിൽ റോസാപ്പൂ പരസ്പരം കൈമാറാറുണ്ട്. നവംബർ 20 നാണ് ഐക്യരാഷ്ട്രസഭയുടെ ആഹ്വാനപ്രകാരം ആഗോള ശിശുദിനമായി ആചരിക്കുന്നത്.