അനശ്വര നടന്‍ ജയന്‍ ഓര്‍മ്മയായിട്ട് 41 വർഷം.  തനതായ പൗരുഷഭാവങ്ങള്‍ കൊണ്ടും അഭിനയശൈലി കൊണ്ടും മലയാള സിനിമ എക്കാലവും ഓര്‍മ്മിക്കപ്പെടുന്ന പ്രതിഭയാണ് ജയന്‍. കൃഷ്ണന്‍ നായര്‍ എന്നായിരുന്നു ജയന്റെ യഥാര്‍ത്ഥ പേര്.  1939 ജൂലൈ 25ന് കൊല്ലം ജില്ലയിൽ തേവള്ളി എന്ന സ്ഥലത്താണ് അദ്ദേഹം ജനിച്ചത്.  വീടിന് സമീപത്തെ മലയാളി മന്ദിരം സ്കൂളിലാണ് ജയൻ പ്രാഥമികവിദ്യാഭ്യാസം പൂർത്തിയാക്കിയത്. പിന്നീട് ഒരു ഗവൺമെന്റ് ബോയ്സ് സ്കൂളിലാണ് അദ്ദേഹം പഠിച്ചത്. സ്കൂളിലെ എൻ.സി.സിയിൽ ബെസ്റ്റ് കേഡറ്റായി തിരഞ്ഞെടുക്കപ്പെട്ട ജയന് അതുവഴി നേവിയിലേക്ക് നേരിട്ട് പ്രവേശനം ലഭിച്ചു. 15 വര്‍ഷം ഇന്ത്യൻ നേവിയിൽ സേവനമനുഷ്ടിച്ചു. ഇന്ത്യൻ നേവിയിൽ നിന്ന് രാജിവെക്കുമ്പോൾ ജയൻ ചീഫ് പെറ്റി ഓഫീസർ പദവിയിൽ എത്തിയിരുന്നു. 

1974-ൽ ശാപമോക്ഷം എന്ന ചിത്രത്തിലൂടെയാണ് ജയൻ ചലച്ചിത്ര ലോകത്ത് അരങ്ങേറ്റം കുറിച്ചത്. ചലച്ചിത്ര നടൻ ജോസ് പ്രകാശാണ്‌ ജയനെ ചലച്ചിത്രരംഗത്തു പരിചയപ്പെടുത്തുന്നത്. ജയന്റെ അമ്മാവന്റെ മകളായിരുന്നു ചലച്ചിത്ര നടി ജയഭാരതി. സിനിമയില്‍ സാഹസിക രംഗങ്ങള്‍ ചെയ്യാന്‍  ജയന് ഒട്ടും ഭയമുണ്ടായിരുന്നില്ല. തനിക്കു ലഭിക്കുന്ന കയ്യടികൾ തൻറെ അദ്ധ്വാനത്തിനു കിട്ടുന്ന പ്രതിഫലമായിരിക്കണമെന്ന് അദ്ദേഹം ആത്മാർ‌ത്ഥമായി ആഗ്രഹിച്ചു. ജയനെ ജനകീയ നടനാക്കിത്തീർത്തത് 'അങ്ങാടി' ആയിരുന്നു. 1974 മുതൽ '80 വരെ, ആറ് വർഷങ്ങൾകൊണ്ട് "പൂട്ടാത്ത പൂട്ടുകൾ" എന്ന തമിഴ് ചിത്രമുൾപ്പെടെ നൂറ്റിപതിനാറ് ചിത്രങ്ങളിലാണ് ജയൻ വേഷമിട്ടത്. ശാപമോക്ഷം മുതൽ കോളിളക്കം വരെ ജയന്റെ മുദ്ര പതിഞ്ഞ 90 ശതമാനം ചിത്രങ്ങളും ഹിറ്റുകളും സൂപ്പർഹിറ്റുകളും ആയിരുന്നു. 

'കോളിളക്കം' എന്ന സിനിമയിലെ ഒരു സാഹസികരംഗത്തിന്റെ ചിത്രീകരണത്തിനിടയിലുണ്ടായ ഒരു ഹെലിക്കോപ്റ്റർ അപകടത്തിലാണ് 1980 നവംബർ 16-ന് ജയൻ മരണമടഞ്ഞത്. തമിഴ്നാട്ടിലെ ചെന്നൈക്കടുത്തുള്ള ഷോളാവാരത്ത് ചിത്രത്തിന്റെ ക്ലൈമാക്സ് രംഗം ചിത്രീകരിക്കുന്നതിനിടെയായിരുന്നു അപകടം. 41 വയസ്സ് മാത്രമേ അദ്ദേഹത്തിന് അപ്പോൾ ഉണ്ടായിരുന്നുള്ളൂ. ജയന്റെ മരണത്തിന് ശേഷം അദ്ദേഹത്തിന്റെ ജന്മസ്ഥലമായ കൊല്ലം 'ഓലയിൽ' എന്ന സ്ഥലത്തിന് ജയൻ നഗർ എന്ന് പേര് നൾകുകയും അദ്ദേഹത്തിന്റെ പേരിൽ ഒരു ക്ലബ് രൂപികരിക്കുകയും ചെയ്തു. ജയന്‍ അനശ്വരമാക്കിയ കഥാപാത്രങ്ങള്‍ മലയാള സിനിമ എക്കാലവും ചര്‍ച്ച ചെയ്യും.