മലയാള സിനിമയില്‍ മാത്രമല്ല ഇന്ത്യന്‍ ചലച്ചിത്ര രംഗത്ത് തന്നെ ഏറ്റവും പ്രതിഭാശാലികളായ അഭിനേതാക്കളില്‍ ഒരാളായി കണക്കാക്കപ്പെടുന്ന നടനാണ് നെടുമുടി വേണു. ഏത് വേഷത്തിലും ഏത് മേഖലയിലും അനായാസം പകര്‍ന്നാടാന്‍ കഴിയുന്ന കലാകാരന്‍, കുട്ടനാടിന്റെ ജീവതാളം ഹൃദയത്തിലേറ്റിയ നാട്ടിന്‍പുറത്തുകാരന്‍. 

നെടുമുടി വേണുവിന് വഴങ്ങാത്ത കഥാപാത്രങ്ങളില്ല എന്ന് തന്നെ പറയേണ്ടി വരും. ഏത് കഥാപാത്രത്തിലേക്കും ഇഴുകി ചേരാനുള്ള അദ്ദേഹത്തിന്റെ അഭിനയമികവ് തന്നെയാണ് 40 വര്‍ഷക്കാലം സിനിമാ മേഖലയില്‍ അദ്ദേഹത്തെ വ്യത്യസ്തനാക്കിയത്. നാടകങ്ങളിലും 500ലേറെ സിനിമകളിലുമായി പ്രേക്ഷകരെ അമ്പരപ്പിച്ച കലാകാരന്‍. നായകനും വില്ലനും സ്വഭാവനടനുമായി ലഭിച്ച വേഷങ്ങളെല്ലാം അദ്ദേഹം ഗംഭീരമാക്കി. രണ്ടു തവണ ദേശീയ ചലച്ചിത്ര പുരസ്‌കാരവും ആറു തവണ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും അദ്ദേഹത്തെ തേടിയെത്തി. 

ആലപ്പുഴ ജില്ലയിലെ നെടുമുടിയില്‍ അധ്യാപകരായിരുന്ന പി കെ കേശവന്‍ പിള്ളയുടെയും കുഞ്ഞിക്കുട്ടിയമ്മയുടെയും മകനായി 1948 മേയ് 22നാണ് കെ വേണുഗോപാല്‍ എന്ന വേണു ജനിച്ചത്. അഞ്ച് ആണ്‍മക്കളില്‍ ഇളയവനായാണ് വേണു ജനിച്ചത്. മക്കളെ കലാകാരന്മാരാക്കാന്‍ വളരെയധികം പിന്തുണ നല്‍കിയിരുന്നയാളായിരുന്നു വേണുവിന്റെ പിതാവ്. നെടുമുടി എന്‍എസ്എസ്് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ചമ്പക്കുളം സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളില്‍ പഠിച്ച അദ്ദേഹം പിന്നീട് ആലപ്പുഴ എസ് ഡി കോളേജില്‍ പഠനം തുടര്‍ന്നു. വിദ്യാഭ്യാസ കാലഘട്ടത്തില്‍ തന്നെ അദ്ദേഹം കലാപ്രകടനങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

എസ് ഡി കോളേജിലെ പഠനകാലത്ത് സഹപാഠിയായ ഫാസില്‍ എഴുതിയ നാടകങ്ങളിലൂടെയാണ് കലാരംഗത്ത് സജീവമായത്. കുറച്ചു കാലം പാരലല്‍ കോളേജ് അധ്യാപകനായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. കോളേജ് പഠനകാലത്ത് തോപ്പില്‍ ഭാസിയുടെ ഒരു സുന്ദരിയുടെ കഥ എന്ന സിനിമയില്‍ മുഖം കാണിച്ചിരുന്നു. ഫാസില്‍ സംവിധാനം ചെയ്ത് വേണു നായകനായ വിചാരണ എന്ന നാടകം ആലപ്പുഴയിലെ ഒരു നാടകമത്സരത്തില്‍ അരങ്ങേറിയപ്പോള്‍ അന്ന് വിധികര്‍ത്താവായി എത്തിയ കാവാലം നാരായണപ്പണിക്കര്‍ വേണുവിലെ പ്രതിഭയെ തിരിച്ചറിഞ്ഞു. 

അണിയറയിലെത്തി പരിചയപ്പെട്ട് തന്റെ നാടകസംഘത്തിലേക്ക് ക്ഷണിക്കുകയായിരുന്നു. കാവാലത്തിനു വേണ്ടി വേണു അഭിനയിച്ച ദൈവത്താര്‍ എന്ന നാടകത്തിലെ കാലംകണിയാന്‍ എന്ന വേഷം ഏറെ പ്രശംസ നേടി. കാവാലത്തിന്റെ നാടകവേദി തിരുവനന്തപുരത്തേക്ക് മാറിയപ്പോള്‍ വേണുവിനെയും ഒപ്പം കൂട്ടി. കാവാലവും സംവിധായകന്‍ അരവിന്ദനും ചേര്‍ന്നാണ് വേണുവിന് കലാകൗമുദിയില്‍ ലേഖകനായി ജോലി വാങ്ങി നല്‍കിയത്. പ്രമുഖ നാടകകൃത്തുക്കള്‍, സിനിമാ പ്രവര്‍ത്തകര്‍, സംഗീതജ്ഞര്‍, സാമൂഹിക പ്രവര്‍ത്തകര്‍ എന്നിവരുമായി വേണു നിരവധി അഭിമുഖങ്ങള്‍ നടത്തി. 

അക്കാലത്ത് തന്റെ സിനിമാ ജീവിതത്തിന്റെ ഗതിമാറ്റിയ ഒരു ഇന്റര്‍വ്യൂവിനെ കുറിച്ച് നെടുമുടി വേണു പറഞ്ഞിട്ടുണ്ട്. സംവിധായകന്‍ ഭരതന്റെ അഭിമുഖം എടുക്കാനുള്ള അവസരം അപ്രതീക്ഷിതമായി വേണുവിനെ തേടിയെത്തി. ഭരതനുമായുള്ള ആദ്യ കൂടിക്കാഴ്ചയായിരുന്നു അത്. അദ്ദേഹവുമായുള്ള പരിചയം സൗഹൃദമായി മാറി. തിരുവനന്തപുരത്ത് ഭരതന്‍ താമസിച്ചിരുന്ന ഹോട്ടലില്‍ വേണു പല തവണയെത്തി. നിരവധി പ്രശ്‌സത വ്യക്തികള്‍ക്കൊപ്പം സംഗീതവും സംസാരവുമായി ദിവസങ്ങള്‍ മുമ്പോട്ട് പോയപ്പോള്‍ ഒരു ദിവസം ഭരതന്‍ വേണവിനോട് ആരവം എന്ന തന്റെ പുതിയ സിനിമയില്‍ മരുത് എന്ന കഥാപാത്രം ചെയ്യാമോയെന്ന് ചോദിച്ചു. സമ്മതം അറിയിച്ച വേണു, ഭരതന്റെ ആരവത്തില്‍ അഭിനയിച്ചു. ആ ഇന്റര്‍വ്യൂ തന്റെ ജീവിതം വഴി തിരിച്ചുവിട്ടതായി നെടുമുടി വേണു പറഞ്ഞിട്ടുണ്ട്.


അരവിന്ദന്‍, പത്മരാജന്‍, ഭരതന്‍, ജോണ്‍ എബ്രഹാം എന്നിങ്ങനെ പ്രശസ്തരുമായി വേണുവിന് സൗഹൃദമുണ്ടായിരുന്നു. 1978ല്‍ അരവിന്ദന്റെ തമ്പിലൂടെ ചലച്ചിത്ര അഭിനയ ജീവിതം തുടങ്ങിയ നെടുമുടി വേണു പിന്നീട് ഭരതന്റെ ആരവം, തകര എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായി. കലാപരമായ എല്ലാ മേഖലകളിലും സാന്നിധ്യമറിയിച്ച അദ്ദേഹം നിരവധി സിനിമകള്‍ രചിച്ചു. പൂരം എന്ന ചിത്രം സംവിധാനം ചെയ്തു. നടനായും തിരക്കഥാകൃത്തായും സംവിധാകനായും വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച അദ്ദേഹത്തിന് സംഗീതത്തിലും അസാധ്യ ജ്ഞാനമുണ്ടായിരുന്നു. മൃദംഗം പോലുള്ള വാദ്യോപകരണങ്ങള്‍ വായിക്കുന്നതിലും അദ്ദേഹത്തിന് പ്രാവീണ്യമുണ്ടായിരുന്നു.

മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം, ആറാട്ട് എന്നീ സിനിമകളിലാണ് അവസാനമായി അഭിനയിച്ചത്. എക്കാലവും നാടകത്തോടും സിനിമയോടും ഒപ്പം വേണു ജീവിതത്തോട് ചേര്‍ത്ത് നിര്‍ത്തിയ ഒന്നാണ് സ്വന്തം നാടിനോടുള്ള സ്‌നേഹവും വേണു എന്ന പേരിനോട് നെടുമുടി എന്ന് ചേര്‍ത്ത് വെച്ചു. അതിലൂടെ തന്റെ നാടിന്റെ യശസ്സും ദേശങ്ങള്‍ക്കപ്പുറം ഉയര്‍ത്തിയ അദ്ദേഹം കലാസ്‌നേഹികള്‍ക്ക് എന്നും അഭിനയത്തിന്റെ കൊടുമുടി തന്നെയാണ്. 2021 ഒക്ടോബര്‍ 11ന് തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ വെച്ചായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. ഉദര സംബന്ധമായ രോഗങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്ന അദ്ദേഹത്തിന് 73 വയസ്സായിരുന്നു. മലയാള സിനിമയ്ക്ക് വലിയ നഷ്ടം തന്നെയാണ് നെടുമുടി വേണുവെന്ന അസാധ്യ പ്രതിഭയുടെ വിടവാങ്ങല്‍. അദ്ദേഹം അഭിനയിച്ച കഥാപാത്രങ്ങളിലൂടെ നെടുമുടി വേണു ഇനിയും പ്രേക്ഷക ഹൃദയങ്ങളില്‍ ജീവിക്കും.