എന്റെ ജീവിതമാണ് എന്റെ സന്ദേശമെന്ന് ലോകത്തോട് പറഞ്ഞ, രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ 152-ാം ജന്മദിനം ആഘോഷിക്കുകയാണ് രാജ്യം.  അഹിംസയുടെയും സമാധാനത്തിന്റെയും പ്രതീകമായി ലോകം വാഴ്ത്തുന്ന ഗാന്ധിജിയുടെ ജന്മദിനം അന്താരാഷ്ട്ര അഹിംസാ ദിനമായാണ് ലോകം ആചരിക്കുന്നത്. 

1869 ഒക്ടോബര്‍ രണ്ടിന് ഗുജറാത്തിലെ പോര്‍ബന്തറില്‍ ജനിച്ച മോഹന്‍ദാസ് കരംചന്ദ് ഗാന്ധി എന്ന മഹാത്മാ ഗാന്ധിയുടെ ജീവിതം തന്നെ മഹത്തായ ഒരു പാഠപുസ്തകമാണ്. ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളിലാണ് കുടിയിരിക്കുന്നതെന്ന് പറഞ്ഞ ഗാന്ധിജി രാജ്യത്തിന്റെ ഉള്ള് തൊട്ടറിഞ്ഞ നേതാവ് കൂടിയാണ്. 

രാഷ്ട്രപിതാവ് എന്ന് ഗാന്ധിയെ ആദ്യമായി വിളിച്ചത് നേതാജി സുഭാഷ് ചന്ദ്ര ബോസ് ആയിരുന്നു. 


ഇന്ത്യന്‍ ജനതയെ മാത്രമല്ല വിദേശികളെയും ഗാന്ധിയന്‍ ആദര്‍ശങ്ങള്‍ സ്വാധീനിച്ചു.

മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ്, സ്റ്റീവ് ബികോ, നെല്‍സണ്‍ മണ്ടേല, ഓങ് സാന്‍ സൂ ചി എന്നിവര്‍ ഗാന്ധിയന്‍ ദര്‍ശനങ്ങളില്‍ ആകൃഷ്ടരായവരില്‍പ്പെടുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിക്കപ്പെട്ട ഗാന്ധി സ്മാരകങ്ങളും പ്രതിമകളും അദ്ദേഹത്തിന്റെ ആഗോള സ്വീകാര്യതയ്ക്ക് ഉദാഹരണങ്ങളാണ്. തലമുറകള്‍ കഴിയുന്തോറും ഇന്നും ഗാന്ധിയന്‍ ആദര്‍ശങ്ങള്‍ കാലിക പ്രസക്തമാണ്.