നവരാത്രി ആഘോഷങ്ങൾക്ക് സമാപ്തി കുറിച്ചുകൊണ്ട്, തിന്മയ്ക്ക് മേൽ നന്മ വിജയം നേടിയ വിജയമാണ് വിജയദശമി ദിനത്തിൽ ആഘോഷിക്കുന്നത്. രാജ്യം മുഴുവനും ഈ ദിവസം പ്രാധാന്യത്തോടെ ആചരിച്ചു വരുന്നു. വടക്കേ ഇന്ത്യയിൽ രാവണന് മേൽ രാമൻ ജയം നേടിയതിൻറെ ആഘോഷമായാണ്‌ ഈ ദിനം കണക്കാക്കപ്പെടുന്നത്. എന്നാൽ  തെക്കേ ഇന്ത്യയിൽ,  ക്രൂരതയുടെ മുഖമായ മഹിഷാസുരനെ ദുർഗ്ഗാ ദേവി നിഗ്രഹിച്ചതിൻറെ ആഘോഷമാണ്  വിജയദശമി ദിനം. രാജ്യത്ത് പല സ്ഥലങ്ങളിലും നിലനിൽക്കുന്ന ഐതിഹ്യത്തിലും ആഘോഷങ്ങളിലും  വ്യത്യാസമുണ്ട്. കേരളത്തിൽ ഈ ദിനത്തിൽ വിദ്യാരംഭ ചടങ്ങുകൾക്കാണ് പ്രാധാന്യം നൽകുന്നത്. 

ദുർഗാഷ്ടമി മഹാകാളിക്കും മഹാനവമി മഹാലക്ഷ്മിക്കും വിജയദശമി മഹാസരസ്വതിക്കും പ്രാധാന്യം നൽകുന്ന ദിവസങ്ങളാണ്. മഹിഷാസുരമർദ്ദിനിയായ ദേവി മഹിഷാസുരനെ നിഗ്രഹിച്ച ദിവസമാണ് വിജയദശമി. 

ദസറ ആഘോഷങ്ങൾക്കാണ് വടക്കേ ഇന്ത്യ സാക്ഷ്യം വഹിക്കുന്നത്. ദസ് എന്നാൽ  ഹിന്ദിയിൽ പത്ത് എന്നാണർഥം.  പത്തുദിവസത്തെ ആഘോഷമാണ് ദസറ.  പത്തുതലയുള്ള രാവണനെ തോല്പിച്ചതിനാലാണ് ദസറ എന്ന പേരു വന്നതെന്നും പറയപ്പെടുന്നു.