ആകാശ കാഴ്ചകളിലേക്ക് വാതില്‍ തുറന്ന്  'ദുബൈയുടെ കണ്ണ്'

വിസ്മയങ്ങളുടെ നഗരമാണ് ദുബൈ. ബുര്‍ജ് ഖലീഫ ഉള്‍പ്പെടെ നിരവധി എഞ്ചിനീയറിങ് അത്ഭുതങ്ങള്‍ ലോകത്തിന് മുമ്പില്‍ അവതരിപ്പിച്ച നഗരം. കാഴ്ചക്കാരെ അതിശയിപ്പിക്കാന്‍, ആകാശ കാഴ്ചകളിലേക്ക് വാതില്‍ തുറക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ഒബ്‌സര്‍വേഷന്‍ വീലായ ഐന്‍ ദുബൈയാണ് ദുബൈയുടെ പുതിയ ആകർഷണം. ഐൻ ദുബൈ ഇപ്പോള്‍ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തിരിക്കുകയാണ്. 

ദുബൈ ബ്ലൂ വാട്ടേഴ്സ് ദ്വീപിലാണ് ഐന്‍ ദുബൈ ഒരുക്കിയിരിക്കുന്നത്.  'ദുബൈയുടെ കണ്ണ്' എന്ന് അര്‍ത്ഥം വരുന്ന ഐന്‍ ദുബൈ പേരിനെ അന്വര്‍ത്ഥമാക്കുന്നു. ഐന്‍ ദുബൈയില്‍ കയറിയാല്‍ 360 ഡിഗ്രിയില്‍ ദുബൈ നഗരത്തിലെ കാഴ്ചകള്‍ കാണാനാകും. 48 പാസഞ്ചര്‍ ക്യാബിനുകളില്‍ ഒരേസമയം 1,750 സന്ദര്‍ശകരെ വഹിക്കുന്ന ചക്രത്തിന് ഒരു കറക്കം പൂര്‍ത്തിയാക്കാന്‍ 38 മിനിറ്റാണ് വേണ്ടി വരിക. 

അള്‍ട്രാ വയലറ്റ് കിരണങ്ങളില്‍ നിന്ന് സംരക്ഷണം നല്‍കുന്ന രീതിയിലാണ് 48 പാസഞ്ചര്‍ ക്യാബിനുകളും നിര്‍മ്മിച്ചിട്ടുള്ളത്. ഒരു ക്യാബിനില്‍ 40 പേര്‍ക്ക് വരെ കയറാമെങ്കിലും നിലവില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ മൂലം ഏഴു പേരെയാണ് അനുവദിക്കുന്നത്. കുടുംബമായോ ഗ്രൂപ്പായോ വന്നാല്‍ 10 പേരെ അനുവദിക്കും.

ഒമ്പത് ദശലക്ഷം മനുഷ്യ മണിക്കൂറുകള്‍ ചെലവഴിച്ചാണ് ഈ ഒബ്‌സര്‍വേഷന്‍ വീല്‍ സ്ഥാപിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗങ്ങള്‍ കൂട്ടിച്ചേര്‍ക്കാന്‍ ലോകത്തിലെ വലിയ രണ്ട് ക്രെയിനുകള്‍ വേണ്ടി വന്നു. ഐന്‍ ദുബൈയുടെ നിര്‍മ്മാണത്തിന് ഈഫല്‍ ടവറിനേക്കാ33% സ്റ്റീല്‍ ( 1,200 ടണ്‍ സ്റ്റീല്‍) കൂടുതലായി വേണ്ടി വന്നു. ദുബൈ ഹോള്‍ഡിങ് ആണ് ഈ നിരീക്ഷണ ചക്രം നിര്‍മ്മിച്ചത്. 

ലണ്ടന്‍ ഐയുടെ ഏകദേശം ഇരട്ടി ഉയരമാണ് ഐന്‍ ദുബൈയ്ക്ക് ഉള്ളത്. യാത്രക്കാര്‍ക്ക് 250 മീറ്റര്‍ ഉയരത്തില്‍ കാഴ്ചകള്‍ ആസ്വദിക്കാം. പത്തോളം രാജ്യങ്ങളിലെ എഞ്ചിനീയര്‍മാര്‍ ചേര്‍ന്നാണ് ഐന്‍ ദുബൈ നിര്‍മ്മിച്ചത്. 2014ല്‍ യുഎസിലെ ലാസ് വെഗാസില്‍ സ്ഥാപിച്ച 167.6 മീറ്ററുള്ള ഫെറി വീലിന്റെ റെക്കോര്‍ഡാണ് 250 മീറ്റര്‍ ഉയരമുള്ള ഐന്‍ ദുബൈ തകര്‍ത്തത്. 

ദുബായ് മീഡിയ കൗൺസിൽ ചെയർമാൻ ഷെയ്ഖ് അഹമ്മദ് ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആണ് ഈ നിരീക്ഷണ ചക്രം ഉദ്ഘാടനം ചെയ്തത്. ഐന്‍ ദുബൈ പൊതുജനങ്ങള്‍ക്കായി തുറന്ന ഉദ്ഘാടന ദിവസം തന്നെ, ദുബൈ കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഐന്‍ ദുബൈയുടെ ഏറ്റവും മുകളിലിരിക്കുന്ന വീഡിയോ പങ്കുവെച്ച് അതിശയിപ്പിച്ചിരുന്നു. 

ലോകത്തിലെ ഏറ്റവും വലിയതും ഉയരമേറിയതുമായ ഈ ഒബ്‌സര്‍വേഷന്‍ വീലില്‍ കയറാനുള്ള സാധാരണ ടിക്കറ്റ് നിരക്ക് 130 ദിര്‍ഹമാണ്. മൂന്ന് വയസ്സിനും 12 വയസ്സിനും ഇടയിലുള്ള കുട്ടികള്‍ക്ക് 100 ദിര്‍ഹമാണ് ടിക്കറ്റ് നിരക്ക്. രണ്ട് മുതിര്‍ന്നവര്‍ക്കും രണ്ട് കുട്ടികള്‍ക്കും കയറാവുന്ന ഫാമിലി പാസ് 370 ദിര്‍ഹവും ലഘുഭക്ഷണം ലഭിക്കുന്ന ഫാമിലി പാസിന് 450 ദിര്‍ഹവുമാണ് ടിക്കറ്റ് നിരക്ക്. aindubai.com എന്ന വെബ്സൈറ്റിലൂടെ ടിക്കറ്റ് ബുക്ക് ചെയ്യാം.