9/11 അമേരിക്കയെ വിറപ്പിച്ച
ഭീകരാക്രമണത്തിന് 20 വര്‍ഷം
9 /11 ഭീകരാക്രമണം. ലോക പൊലീസായ അമേരിക്കയുടെ ചരിത്രത്തിലെ സമാനതകളില്ലാത്ത ആക്രമണത്തിന്‍റെ ഇരുണ്ട അധ്യായം. 2001 സെപ്തംബര്‍ 11ന് അമേരിക്കയിലെ വേള്‍ഡ് ട്രേഡ് സെന്‍ററില്‍ നടന്ന ഭീകരാക്രമണമാണ്9/11 എന്ന പേരില്‍ അറിയപ്പെടുന്നത്.
റാഞ്ചിയെടുത്ത യാത്രാ വിമാനങ്ങള്‍ ഉപയോഗിച്ച് അമേരിക്കയിലെ ന്യൂയോര്‍ക്ക് നഗരത്തിലെ വേള്‍ഡ് ട്രേഡ് സെന്‍റര്‍, പ്രതിരോധ വകുപ്പിന്‍റെ ആസ്ഥാനമായ പെന്‍റഗണ്‍ എന്നിവിടങ്ങളില്‍ ഭീകരര്‍ ആക്രമണം നടത്തി. അമേരിക്കന്‍ സമ്പന്നതയുടെ പ്രതീകമായി തലയുയര്‍ത്തി നിന്ന വേള്‍ഡ് ട്രേഡ് സെന്ററിന്റെ രണ്ട് ടവറുകള്‍ ഭീകരര്‍ വിമാനങ്ങള്‍ ഇടിച്ചുകയറ്റി തകര്‍ത്തു.
നാല് യാത്രാവിമാനങ്ങളാണ് ആക്രമണത്തിന് വേണ്ടി അല്‍ ഖായിദ ഭീകരര്‍ റാഞ്ചിയത്. അതില്‍ ആദ്യത്തേതായിരുന്നു ഫ്‌ലൈറ്റ് 11. ഈ വിമാനം രാവിലെ 8.46ന് വേള്‍ഡ് ട്രേഡ് സെന്ററിന്റെ നോര്‍ത്ത് ടവറിലേക്ക് ഇടിച്ചു കയറി. അഞ്ച് ഭീകരര്‍ ചേര്‍ന്നാണ് അമേരിക്കന്‍ എയര്‍ലൈന്‍സിന്റെ ബോസ്റ്റണില്‍ നിന്നുള്ള യാത്രാ വിമാനം. ബോയിങ് 767 ജെറ്റ് വിമാനം റാഞ്ചിയത്. വേള്‍ഡ് ട്രേഡ് സെന്റര്‍ ലക്ഷ്യമിട്ട് പറന്ന വിമാനം 440mph വേഗത്തില്‍ നോര്‍ത്ത് ടവറിലേക്ക് ഇടിച്ചു കയറി. നോര്‍ത്ത് ടവറിന്റെ 94-98 നിലകള്‍ക്കിടയിലൂടെയാണ് വിമാനം ഇടിച്ചു കയറിയത്.
യാത്രാ വിമാനത്തിന് സംഭവിച്ച സാധാരണ അപകടം എന്ന ധാരണയില്‍ അഗ്നിശമന സേനാംഗങ്ങള്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം തുടങ്ങി. വേള്‍ഡ് ട്രേഡ് സെന്ററിന്റെ 110 നിലകളുള്ള ഇരട്ടക്കെട്ടിട സമുച്ചയത്തിന് കൊടുങ്കാറ്റുകളെയും തീപിടിത്തങ്ങളെയും ചെറുക്കാന്‍ കരുത്തുണ്ടായിരുന്നു. എന്നാല്‍ വളരെ ആസൂത്രിതമായി നടന്ന ഭീകരാക്രമണത്തെ അതിജീവിക്കാന്‍ കെട്ടിടത്തിനായില്ല.
ആദ്യ വിമാനം നോര്‍ത്ത് ടവറില്‍ ഇടിച്ചിറങ്ങി 17 മിനിറ്റിനുള്ളില്‍ ബോസ്റ്റണില്‍ നിന്ന് ഭീകരര്‍ റാഞ്ചിയ യുണൈറ്റഡ് എയര്‍ലൈന്‍സ് 175- വിമാനം വേള്‍ഡ് ട്രേഡ് സെന്ററിന്റെ സൗത്ത് ടവറിലേക്ക് ഇടിച്ചു കയറി. 540mph, അതായത് ആദ്യത്തെ വിമാനത്തേക്കാള്‍ വേഗതയിലാണ് രണ്ടാം വിമാനം സൗത്ത് ടവറിലേക്ക് ഇടിച്ചിറക്കിയത്.
രണ്ട് ടവറുകളിലും തീയും പുകയും വ്യാപിച്ചു. വിമാനം ഇടിച്ചിറക്കി ഒരു മണിക്കൂറിനുള്ളില്‍ രാവിലെ 9.59ഓടെ സൗത്ത് ടവര്‍ നിലംപൊത്തി. പിന്നാലെ 10.28ന് നോര്‍ത്ത് ടവറും തകര്‍ന്നുവീണു. രണ്ട് ടവറുകളിലും നടന്ന ആക്രമണത്തില്‍ 2,595 പേരാണ് കൊല്ലപ്പെട്ടത്. ഇതിന് പുറമെ യാത്രാവിമാനങ്ങളിലുണ്ടായിരുന്ന 157 പേരും കൊല്ലപ്പെട്ടു.
വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന് പിന്നാലെ വാഷിങ്ടണ്‍ ഡിസിയിലെ യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഡിഫന്‍സിന്റെ ആസ്ഥാനമായ പെന്റഗണ്‍ ടവേഴ്‌സിലും ഭീകരര്‍ ആക്രമണം നടത്തി. 9.37ഓടെ അമേിക്കല്‍ എയര്‍ലൈന്‍സിന്റെ ഫ്‌ലൈറ്റ് 77, 530mph വേഗതയില്‍ പെന്റഗണ്‍ ടവേഴ്‌സിലേക്ക് ഇടിച്ചിറക്കി. പെന്‍സില്‍വാനിയയില്‍ യുണൈറ്റഡ് എയര്‍ലൈന്‍സിന്റെ മറ്റൊരു വിമാനവും തകർന്നു വീണു. നാല് വിമാനങ്ങളിലെയും മുഴുവൻ യാത്രക്കാരും, 265 പേരും കൊല്ലപ്പെട്ടു. പെന്റഗണില്‍ 125 പേര്‍ കൊല്ലപ്പെട്ടുവെന്നാണ് ഔദ്യോഗിക കണക്ക്.
9 /11 കമ്മീഷന്റെ റിപ്പോര്‍ട്ട് പ്രകാരം ചാവേര്‍ ആക്രമണം ലക്ഷ്യമിട്ട് 26 പേരാണ് അമേരിക്കയില്‍ പ്രവേശിച്ചത്. ഇതില്‍ അവശേഷിച്ച 19 പേര്‍ ചേര്‍ന്നാണ് ആക്രമണം നടത്തിയത്. ചാവേര്‍ ആക്രമണം നടത്തിയത് അല്‍ ഖായിദ ആയിരിക്കാമെന്ന സംശയം തുടക്കത്തില്‍ തന്നെ ഉണ്ടായിരുന്നെങ്കിലും ആദ്യം അല്‍ ഖായിദ തലവന്‍ ഒസാമ ബിന്‍ ലാദന്‍ ഇത് നിഷേധിക്കുകയാണ് ചെയ്തത്. ഭീകരാക്രമണത്തിന് പിന്നില്‍ അല്‍ ഖായിദ തന്നെയായിരുന്നു എന്നാണ് അമേരിക്ക ഉറച്ചു വിശ്വസിച്ചത്. ഇതിനെ സാധൂകരിക്കുന്ന തെളിവുകള്‍ ലഭിച്ചതായും അവര്‍ വെളിപ്പെടുത്തി. 9 /11 ഭീകരാക്രമണത്തിന് പ്രതികാരമായി വര്‍ഷങ്ങള്‍ നീണ്ട തെരച്ചിലിനൊടുവില്‍ പാകിസ്ഥാനിലെ അബട്ടാബാദിലെ ഒളിസങ്കേതത്തില്‍ വെച്ച് അല്‍ ഖായിദ തലവന്‍ ഒസാമ ബിന്‍ ലാദനെ യുഎസ് കമാന്‍ഡോകള്‍ വധിച്ചു. 2011ല്‍ അമേരിക്ക പാകിസ്ഥാനില്‍ നടത്തിയ സൈനിക നടപടിയിലാണ് ലാദന്‍ കൊല്ലപ്പെടുന്നത്.
വേള്‍ഡ് ട്രേഡ് സെന്ററിലെ ടവറുകള്‍ നിലംപൊത്തിയിയെങ്കിലും ആ കെട്ടിടങ്ങള്‍ക്കുള്ളില്‍ കാര്യമായ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ട ചിലരുമുണ്ട്. സ്റ്റെയര്‍വെ ബി എന്ന കോണിപ്പടിയില്‍ നിന്ന 16 പേര്‍ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടു. പിന്നീട് അതിജീവനത്തിന്റെ കോണിപ്പടി എന്ന് അറിയപ്പെട്ട ആ ഭാഗം ഇപ്പോള്‍ ദേശീയ 9 /11 മ്യൂസിയത്തിന്റെ ഭാഗമാണ്. ലോകത്തെ തന്നെ നടുക്കിയ ഭീകരാക്രമണത്തിന് ഇക്കുറി ഇരുപത് വര്‍ഷം തികയുകയാണ്.
0 Comments