നിപ, രോഗലക്ഷണങ്ങള്‍, മുന്‍കരുതല്‍, ചികിത്സ
കൊവിഡ് മഹാമാരിയോടുള്ള പോരാട്ടം തുടരുന്നതിനിടെ കേരളത്തില്‍ നിപ സ്ഥിരീകരിച്ചത് ആശങ്ക ഉയര്‍ത്തുകയാണ്. അതീവ ജാഗ്രതയോടെ മുമ്പോട്ട് പോകേണ്ട സമയമാണിതെന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ഇത് മൂന്നാം തവണയാണ് കേരളത്തില്‍ നിപ വൈറസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. നേരത്തെ 2018ലും 19ലും നിപയോട് നാം പൊരുതി ജയിച്ചിരുന്നു. കൊവിഡ് പോലെയോ മറ്റൊരു വൈറല്‍ പനി പോലെയോ പടര്‍ന്നുപിടിക്കുന്ന ഒരു രോഗമല്ല നിപ. പകര്‍ച്ചാശേഷി കുറഞ്ഞ അസുഖമാണിത്. ശക്തിയായ രോഗലക്ഷണങ്ങളുള്ള അവസര ങ്ങളിലാണ് നിപ പകരുന്നത്.
എന്നാല്‍ കൊവിഡുമായി താരതമ്യം ചെയ്യുമ്പോള്‍ നിപയ്ക്ക് അപകട സാധ്യത കൂടുതലാണ്. മരണനിരക്ക് 50 ശതമാനത്തിന് മുകളിലുള്ള അസുഖമാണിത്.
അണുബാധയുണ്ടായാല്‍ അഞ്ച് മുതല്‍ 14 ദിവസം കഴിയുമ്പോഴാണ് രോഗ ലക്ഷണങ്ങള്‍ പ്രകടമാകുന്നത്. പനി, തലവേദന, തലകറക്കം, ബോധക്ഷയം എന്നിവയാണ് സാധാരണ കണ്ടുവരുന്ന ലക്ഷണങ്ങള്‍. ചുമ, വയറുവേദന, മനംപിരട്ടല്‍, ഛര്‍ദി, ക്ഷീണം, കാഴ്ചമങ്ങല്‍ എന്നീ ലക്ഷണങ്ങളും അപൂര്‍വ്വമായി ഉണ്ടാകാം. രോഗലക്ഷണങ്ങള്‍ ആരംഭിച്ച് ഒന്നോ രണ്ടോ ദിവസങ്ങള്‍ക്കകം ബോധക്ഷയം വന്ന് കോമ അവസ്ഥയിലെത്താനും തലച്ചോറിനെ ബാധിക്കുന്ന എന്‍സഫ ലൈറ്റിസ് ഉണ്ടാവാനും സാധ്യതയുണ്ട്.
ഹെനിപാ വൈറസ് ജീനസിലെ നിപ വൈറസ് പാരാമിക്സോ വൈറിഡേ ഫാമിലിയിലെ അംഗമാണ്. ഒരു ആര്‍.എന്‍.എ. വൈറസ് ആണിത്. മൃഗങ്ങളില്‍ നിന്നും മൃഗങ്ങളിലേക്ക് പകരുന്ന അസുഖമാണ് നിപ വൈറസ്. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്കും ഇത് പകരാം.
കേരളത്തില്‍ പഴംതീനി വവ്വാലുകളില്‍ നിപ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. വവ്വാലിന്റെ സ്രവം അടങ്ങിയ പഴം കഴിക്കുക, വൈറസ് ബാധയുള്ള വവ്വാലുകളുടെ കാഷ്ഠം കലര്‍ന്ന പാനീയങ്ങളും മറ്റും കഴിക്കുന്നതിലൂടെയും വവ്വാലിന്‍റെ ശരീരം കൈ കൊണ്ട് സ്പര്‍ശിക്കുന്നതിലൂടെയും രോഗം പകരാം.
പ്രതിരോധമാണ് ഈ ഘട്ടത്തില്‍ ഏറ്റവും പ്രധാനം. വൈറസ് ബാധയുള്ള വവ്വാലുകളുടെ കാഷ്ഠം മനുഷ്യ ശരീരത്തിന്റെ ഉള്ളിലെത്താന്‍ സാധ്യതയുള്ള സാഹചര്യങ്ങളെല്ലാം ഒഴിവാക്കുക. വവ്വാലുകള്‍ കടിച്ച പഴങ്ങള്‍ കഴിക്കരുത്.
നിപ രോഗിയുമായി സമ്പര്‍ക്കം ഉണ്ടായാല്‍ ശേഷം കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് നന്നായി കഴുകുക. രോഗിയുമായി ഒരു മീറ്റര്‍ എങ്കിലും ദൂരം പാലിക്കുക. രോഗിയുടെ വ്യക്തിപരമായ ആവശ്യങ്ങള്‍ക്കുള്ള സാധനങ്ങള്‍ പ്രത്യേകം സൂക്ഷിക്കുക.
തൊണ്ടയില്‍ നിന്നും മൂക്കില്‍ നിന്നുമുള്ള സ്രവം, രക്തം, മൂത്രം, സെറിബ്രോ സ്‌പൈനല്‍ ഫ്‌ളൂയിഡ് എന്നിവയില്‍ നിന്നും ആര്‍.ടി.പി.സി.ആര്‍ ഉപയോഗിച്ച് നിപ വൈറസിനെ കണ്ടെത്താന്‍ സാധിക്കും. അസുഖം പുരോഗമിക്കുമ്പോള്‍ എലൈസ പരിശോധ നയിലൂടെയും വൈറസിനെ തിരിച്ചറിയാം. കൃത്യമായ മരുന്നോ വാക്സിനോ ഇതുവരെ വികസിപ്പിച്ചിട്ടില്ലെങ്കിലും കൊവിഡ് വരാതിരിക്കാന്‍ സ്വീകരിക്കുന്ന മുന്‍കരുതലുകള്‍ നിപ പ്രതിരോധത്തിനും സഹായിക്കും.
0 Comments