പ്രോട്ടീന്‍, ഫൈബര്‍, കാത്സ്യം, ഫോസ്ഫറസ്, ഇരുമ്പ്, മള്‍ട്ടിവിറ്റാമിനുകള്‍, ഫ്‌ലേവനോയിഡുകള്‍ എന്നിവയാല്‍ സമ്പന്നമാണ് കറിവേപ്പിലകള്‍. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ കറിവേപ്പില സഹായിക്കും. കറിവേപ്പില ശരീരത്തിലെ ഇന്‍സുലിന്‍ ഉല്‍പ്പാദനം സജീവമാക്കുന്നു. കുറഞ്ഞ ഗ്ലൈസെമിക് ഇന്‍ഡക്‌സ് അടങ്ങിയ ഭക്ഷണത്തിലേക്ക് കറിവേപ്പില കൂടി ചേര്‍ത്ത് കഴിക്കുന്നത് പ്രമേഹമുള്ളവര്‍ക്ക് വളരെ ഗുണകരമാണ്.
ഇരുമ്പിന്റെയും ഫോളിക് ആസിഡിന്റെയും സ്രോതസ്സായ കറിവേപ്പില കഴിക്കുന്നത് ഹീമോഗ്ലോബിന്റെ അളവ് വര്‍ധിപ്പിക്കും. രക്തം ശുദ്ധീകരിക്കുന്നതിനും കറിവേപ്പില ഫലപ്രദമായി പ്രവര്‍ത്തിക്കുന്നു. വിറ്റാമിന്‍ എയുടെ കലവറയായ കറിവേപ്പില കാഴ്ചശക്തിക്ക് നല്ലതാണ്.
കാര്‍മിനേറ്റീവ് ഗുണങ്ങളുള്ളതിനാല്‍ കറിവേപ്പില ദഹനത്തിന് വളരെ ഫലപ്രദമാണ്. ആരോഗ്യ ഗുണങ്ങള്‍ക്ക് പുറമെ മുടി വളരാനും കറിവേപ്പില സഹായകമാണ്. കറിവേപ്പില ഇട്ട് കാച്ചിയ എണ്ണ മുടിയുടെ വളര്‍ച്ചയ്ക്ക് അത്യുത്തമമാണ്. മുടി കൊഴിച്ചില്‍ തടയാനും മുടി വളരാനും കറിവേപ്പില ഫലപ്രദമാണ്.
കറിവേപ്പിലയുടെ ഗുണങ്ങളുടെ പട്ടിക ഇങ്ങനെ നീളുകയാണ്. എന്നാല്‍ മാര്‍ക്കറ്റില്‍ നിന്നും നാം വാങ്ങുന്ന കറിവേപ്പിലകളില്‍ മാരക കീടനാശിനികളുടെ സാന്നിധ്യവും കണ്ടെത്തിയിട്ടുണ്ട്. നമ്മുടെ വീട്ടില്‍ തന്നെ നമുക്കാവശ്യമായ കറിവേപ്പ് നട്ടുവളര്‍ത്താം. പച്ചച്ചാണകവും കടലപ്പിണ്ണാക്കും യോജിപ്പിച്ച് കറിവേപ്പിന്റെ വേരിന് ചുറ്റും ഒഴിച്ചു കൊടുക്കുന്നത് നല്ലതാണ്. ഇത് കറിവേപ്പില്‍ പുതിയ ഇലകള്‍ വളരാന്‍ സഹായിക്കും.
കറിവേപ്പിലയിലെ കീടങ്ങളും പുഴുക്കളും പ്രധാന പ്രശ്‌നമാണ്. ഇത് പരിഹരിക്കാന്‍ കഞ്ഞിവെള്ളം നല്ലതാണ്. തലേന്നത്തെ കഞ്ഞിവെള്ളം കറിവേപ്പിന്റെ ഇലകളില്‍ തളിക്കുന്നതും കടയ്ക്കല്‍ ഒഴിക്കുന്നതും കറിവേപ്പ് തഴച്ചു വളരാന്‍ സഹായിക്കും. പുളിച്ച കഞ്ഞിവെള്ളത്തില്‍ ഇരട്ടി വെള്ളം ചേര്‍ത്ത് കറിവേപ്പിന് മുകളില്‍ തളിച്ചാല്‍ കീടങ്ങളുടെ ആക്രമണം പ്രതിരോധിക്കാം. മുട്ടത്തോട് കറിവേപ്പിന് നല്ല വളമാണ്. മുട്ടത്തോട് പൊടിച്ച് കറിവേപ്പിന്റെ ചുവട്ടില്‍ നിന്നും ലേശം മാറി മണ്ണില്‍ കുഴിച്ചിളക്കി ഇടുക. മത്തി പോലുള്ള മീനുകളുടെ അവശിഷ്ടങ്ങള്‍ കറിവേപ്പിന് ചുവട്ടില്‍ ഇടുന്നത് അവയുടെ വളര്‍ച്ചയെ സഹായിക്കും.
കറിവേപ്പിന് താഴെ വെള്ളം കെട്ടിക്കിടക്കാന്‍ അനുവദിക്കരുത്. കറിവേപ്പിന്റെ ചുവട്ടില്‍ ചാരം ഇടുന്നത് നല്ലതാണ്. കറിവേപ്പിന്റെ തൈ വാങ്ങി വെച്ചുപിടിപ്പിക്കുന്നതിനേക്കാള്‍ നല്ലത് കുരു മുളപ്പിച്ച് വളര്‍ത്തുന്നതാണ്.
കറിവേപ്പില പറിച്ചെടുക്കുമ്പോഴും ശ്രദ്ധിക്കുക. ഇലകള്‍ മാത്രമായി പറിക്കാതെ തണ്ടോടു കൂടി വേണം കറിവേപ്പില പറിച്ചെടുക്കാന്‍. ഇത് പുതിയ നാമ്പുകള്‍ കിളിര്‍ക്കാന്‍ സഹായിക്കും.
0 Comments