ഇന്ത്യയുടെ രണ്ടാമത്തെ രാഷ്ട്രപതിയും പ്രശസ്ത അദ്ധ്യാപക നുമായിരുന്ന ഡോ. സര്‍വേപള്ളി രാധാകൃഷ്ണന്‍റെ  ജന്മ ദിവസമാണ് ദേശീയ അദ്ധ്യാപക ദിനമായി നാം ആചരിക്കുന്നത്. ഇന്ത്യയില്‍ ആദ്ധ്യാപകദിനം 1961 മുതല്‍ ആചരിച്ചുവരുന്നു.  ഈ ദേശീയ ദിനത്തിലാണ് ആദ്ധ്യാപകര്‍ക്ക് വിശിഷ്ടസേവനത്തിനുള്ള പുരസ്കാരങ്ങള്‍ സമ്മാനിക്കുന്നത്.  ഇതിനോട് അനുബന്ധിച്ച് ചര്‍ച്ചകളും പൊതുയോഗങ്ങളും ഒക്കെ നടത്താറുണ്ട്

അറിവിന്‍റെ ആദ്യാക്ഷരങ്ങള്‍ അമ്മയില്‍ നിന്നാണെങ്കിലും അതിന്‍റെ പൂര്‍ണ്ണത നേടുന്നത് അദ്ധ്യാപകരിലൂടെയാണ്. ശ്വാസനകളും ചൂരല്‍കക്ഷായങ്ങളും അരങ്ങുവാണിരുന്ന പഴയ വിദ്യാലയ കാലഘട്ടം ഇന്ന് പലര്‍ക്കും സുഖമുള്ള ഓര്‍മ്മകള്‍ മാത്രം, ഡിജിറ്റല്‍ ലോകത്തിന്‍റെ ചുവരുകളില്‍ ഒരു സ്ക്രീനിന് അപ്പുറവും ഇപ്പുറവും ഇരുന്ന് വിദ്യാഭ്യാസം നേടുന്ന നമ്മുടെ പുതിയ തലമുറ നഷ്ടപ്പെടുത്തുന്നത് ഒരു പക്ഷേ ജിവിതത്തിലൊരിക്കലും തിരിച്ചുകിട്ടാത്ത അദ്ധ്യാപകരുടെ സ്നേഹ വാത്സല്യങ്ങളാണ്, അനുഗ്രഹങ്ങളാണ്. കാലം മാറുമ്പോള്‍ വിദ്യാഭ്യാസ രീതികളും അദ്ധ്യാപക സമീപനങ്ങളും മാറുന്നു.

ആ മാറിയ കാലത്തിന്‍റെ വക്കില്‍നിന്നും വീണ്ടും ഒരു അദ്ധ്യാപകദിനം നാം ആഘോഷിക്കുകയാണ്...

കേവലം വിദ്യാഭ്യസത്തിനപ്പുറം  ജീവിത മൂല്യങ്ങള്‍ കൂടി നമ്മുടെ മനസ്സുകളില്‍ ചോക്ക് കഷ്ണങ്ങള്‍ കൊണ്ട് എഴുതിവച്ച നമ്മുടെ അദ്ധ്യാപകര്‍ ഇന്നുമാത്രമല്ല എന്നും ആദരിക്കപ്പെടേണ്ടവര്‍ തന്നെയാണ്. അവര്‍ നമുക്ക് നല്‍കിയ വിശാലമായ ചിന്താലോകം നമ്മെ ഇന്ന് എവിടെ കൊണ്ട് എത്തിച്ചു എന്നു ചിന്തിക്കുന്നത് എത്ര നല്ലതാണ്. ഒരോ വിദ്യാര്‍ത്ഥിയുടേയും ഉയര്‍ച്ചയ്ക്കുപിന്നില്‍ ഒരു നല്ല അദ്ധ്യാപകന്‍റെ  പങ്ക് എത്രത്തോളമാണെന്നുള്ളത് നമുക്ക് വിസ്മരിക്കാൻ കഴിയില്ല. മനസ്സുകൊണ്ട് അവരെല്ലാവരെും നമ്മളെന്ന വിദ്യാര്‍ത്ഥികളെ  അനുഗ്രഹിച്ചിട്ടുണ്ട്, തെറ്റുകളില്‍ നിന്നും പിന്‍തിരിപ്പിച്ചിട്ടുണ്ട്. എത്രയെത്ര ഓര്‍മ്മകളാണ് അവര്‍ നമുക്ക് സമ്മാനിച്ചിരിക്കുന്നത്.  പക്ഷേ എന്താണ് നാം അവര്‍ക്ക് തിരികെ നൽകുന്നത്. 

ഒരു പക്ഷേ  നമ്മുടെ സ്കൂള്‍- കലാലയ ജീവിതങ്ങളില്‍ വാക്കുകള്‍ കൊണ്ടോ പ്രവൃത്തികള്‍ കൊണ്ടോ നാം അവരെ വേദനിപ്പിച്ചിരിക്കാം , എങ്കിലും നമ്മുടെ തെറ്റുകളെ പൊറുത്ത് നമ്മെ അനുഗ്രഹിച്ച് മുന്നോട്ടു നയിച്ചിട്ടുണ്ടവര്‍, ഒന്നു മാത്രമേ അവര്‍ക്ക് തിരികെ നൽകാനുള്ളൂ.. അവര്‍ പഠിപ്പിച്ച വിദ്യയും മൂല്യങ്ങളും കൈവിടാതെ മുന്നോട്ടുള്ള ജീവിതത്തിന്‍റെ ഭാഗമാക്കുക.. അടുത്ത തലമുറയ്ക്ക് അത് പകര്‍ന്നു കൊടുക്കുക. എല്ലാ അധ്യാപകര്‍ക്കും സ്നേഹം നിറഞ്ഞ ആശംസകള്‍...