അപകടകരമായ അൾട്രാ വയലറ്റ് കിരണങ്ങളിൽ നിന്ന് ഭൂമിയെ ഒരു കുട പോലെ പൊതിഞ്ഞു സംരക്ഷിക്കുന്ന പാളിയാണ് ഓസോൺ പാളി. മൂന്ന് ഓക്സിജൻ ആറ്റങ്ങൾ ചേർന്നുണ്ടാകുന്ന തന്മാത്രയാണ് ഓസോൺ. പ്രത്യേക മണമുള്ള വാതകമാണ് ഓസോൺ. അന്തരീക്ഷത്തിലെ പാളികളിൽ ഒന്നായ സ്ട്രാറ്റോസ്ഫിയറിലാണ് ഓസോൺ വാതകം കൂടുതലായി കാണപ്പെടുന്നത്.

ഓസോൺ പാളിയെ ദുർബലപ്പെടുത്തുന്ന വാതകങ്ങളാണ് ക്ളോറോഫ്ലൂറോകാർബണുകൾ. ഈ വാതകങ്ങളിൽ നിന്ന് അന്തരീക്ഷത്തിലെത്തുന്ന ക്ളോറിൻ തന്മാത്രകൾക്ക് ഓസോണിനെ വിഘടിപ്പിക്കാൻ കഴിയും. ഇത് അപകടകരമായ സാഹചര്യമാണ്. ക്ലോറോഫ്ലൂറോ കാർബണുകളുടെ സാന്നിധ്യം അന്തരീക്ഷത്തിൽ കുറയ്‌ക്കേണ്ടത് ഓസോൺ പാളിയുടെ സംരക്ഷണത്തിന് അനിവാര്യമാണ്.

ഓസോൺ പാളിയുടെ പ്രാധാന്യത്തെക്കുറിച്ച് ലോകത്തെ ബോധവത്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഓസോൺ ദിനം ആചരിക്കുന്നത്. ഓസോൺ പാളിയുടെ സംരക്ഷണമെന്ന ഉദ്ദേശ്യത്തോടെ 1987 സെപ്റ്റംബർ 16-ന് മോൺട്രിയോളിൽ ഒരു ഉടമ്പടി ഒപ്പിട്ടു. ഓസോൺ പാളിയിൽ സുഷിരങ്ങൾ സൃഷ്ടിക്കുന്ന രാസവസ്‌തുക്കളുടെ നിർമ്മാണവും ഉപയോഗവും കുറയ്‌ക്കുകയാണ്‌ ഇതിന്റെ ലക്ഷ്യം. ഈ ഉടമ്പടിയാണ് മോൺട്രിയോൾ പ്രോട്ടോകോൾ എന്ന പേരിൽ അറിയപ്പെടുന്നത്. 1994 മുതലാണ് ഐക്യരാഷ്ട്ര സംഘടന ഓസോൺ ദിനം ആചരിച്ചു തുടങ്ങിയത്.

ഫോട്ടോ കടപ്പാട് : www.freepik.com