സ്വാതന്ത്ര്യ ദിന പ്രസംഗത്തിന്‍റെ ചരിത്രം, പ്രാധാന്യം

ബ്രിട്ടീഷ് ഭരണത്തില്‍ നിന്ന് നാം പോരാടി നേടിയ സ്വാതന്ത്ര്യത്തിന്‍റെ ഓര്‍മ്മ പുതുക്കലാണ് ഓരോ ഓഗസ്റ്റ് 15ഉം. സ്വാതന്ത്ര്യ ലബ്ധിയുടെ 75-ാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ ചില ചരിത്ര സംഭവങ്ങളും ഓര്‍മ്മിക്കേണ്ടതുണ്ട്. സ്വാതന്ത്ര്യദിനത്തില്‍ രാജ്യം ഉറ്റുനോക്കുന്ന ഒന്നാണ് പ്രധാനമന്ത്രിയുടെ പ്രസംഗം.
‘ലോകം മുഴുവന്‍ ഉറങ്ങുന്ന സമയത്ത് ഇന്ത്യ പുതുജീവിതത്തിലേക്കും സ്വാതന്ത്ര്യത്തിലേക്കും ഉണരുകയാണ്’- സ്വതന്ത്ര ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹര്‍ ലാല്‍ നെഹ്റു ഇങ്ങനെ പറഞ്ഞ് നടത്തിയ പ്രസംഗമാണ് ഇന്ത്യന്‍ സ്വാതന്ത്ര്യദിന പ്രസംഗങ്ങളുടെ തുടക്കം. വിധിയുമായുള്ള കൂടിക്കാഴ്ച’ എന്ന പേരില്‍ നടത്തിയ പ്രസംഗം ചരിത്ര താളുകളില്‍ ഇന്നും ജ്വലിക്കുന്ന ഓര്‍മ്മയാണ്.

1947 ഓഗസ്റ്റ് 14ന് അര്‍ധരാത്രിയില്‍ പാര്‍ലമെന്‍റിലെ ദര്‍ബാര്‍ ഹാളിലാണ് സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു ഈ പ്രസംഗം നടത്തിയത്. നെഹ്റു തുടക്കമിട്ട സ്വാതന്ത്ര്യ ദിന പ്രസംഗം പിന്നീട് രാജ്യത്തിന്റെ സ്വാതന്ത്ര്യ ദിനത്തില്‍ ഏറെ പ്രധാനപ്പെട്ട ഒന്നായി മാറുകയായിരുന്നു. ഓഗസ്റ്റ് 15ന് ഡല്‍ഹി ചെങ്കോട്ടയില്‍ ദേശീയപതാക ഉയര്‍ത്തിയതിന് ശേഷം രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നടത്തുന്നതാണ് സ്വാതന്ത്ര്യദിന പ്രസംഗം. ചെങ്കോട്ടയിലെ ലാഹോറി ഗെയ്റ്റിന് മുന്നിലെ തട്ടില്‍ നിന്നാണ് പ്രധാനമന്ത്രി സ്വാതന്ത്ര്യദിന പ്രസംഗം നടത്തുന്നത്. തന്‍റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്‍റെ നേട്ടങ്ങളും വിജയകഥകളും രാജ്യം നേരിടുന്ന പ്രതിസന്ധികളും അവ പരിഹരിക്കുന്നതിനുള്ള മാർഗങ്ങളും പ്രധാനമന്ത്രി വ്യക്തമാക്കും. സ്വാതന്ത്ര്യം നേടിത്തന്ന ധീരസമരസേനാനികളെയും പ്രസംഗത്തില്‍ സ്മരിക്കും.

സ്വാതന്ത്ര്യദിന പ്രസംഗത്തിലുള്‍പ്പെടുത്തേണ്ട ആശയങ്ങളും നിര്‍ദേശങ്ങളും പൊതുജനങ്ങളിൽ നിന്ന് ക്ഷണിക്കാറുമുണ്ട്. ഇതിനായി മുന്‍വര്‍ഷങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സോഷ്യൽ മീഡിയ വഴി ജനങ്ങൾക്ക് സന്ദേശമയച്ചിരുന്നു. ഇത്തവണയും ആ പതിവ് തെറ്റിയില്ല. ഓഗസ്റ്റ് 15ലെ പ്രസംഗത്തിലേക്ക് വിലയേറിയ നിര്‍ദേശങ്ങള്‍ അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വാതന്ത്ര്യ ദിന പ്രസംഗങ്ങളിലെ പ്രസക്ത ഭാഗങ്ങള്‍ ഇവയാണ്. പ്രധാനമന്ത്രിയായല്ല, പ്രധാന സേവകനാണെന്ന് പറഞ്ഞായിരുന്നു നരേന്ദ്ര മോദി പ്രധാനമന്ത്രിയായ ശേഷം 2014ല്‍ നടത്തിയ ആദ്യ സ്വാതന്ത്ര്യദിന പ്രസംഗം തുടങ്ങിയത്.

ആൺമക്കളെപ്പോലെ പെണ്‍മക്കളെയും തുല്യപ്രാധാന്യം നല്‍കി വളര്‍ത്തണമെന്ന് അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയുടെ ജന്‍ധന്‍ പദ്ധതിയെക്കുറിച്ചും അന്ന് അദ്ദേഹം വിശദമാക്കി. പ്ലാനിങ് കമ്മിഷന് പകരം പുതിയ സംവിധാനം നിലവില്‍ വരുമെന്നും പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞിരുന്നു. രാജ്യത്തിന്‍റെ അഖണ്ഡതയെ തകര്‍ക്കുന്ന ഒന്നിനും സ്ഥാനമില്ലെന്ന താക്കീതോടെയാണ് 2015ല്‍ നരേന്ദ്ര മോദി സ്വാതന്ത്ര്യദിന പ്രസംഗം ആരംഭിച്ചത്. പ്രധാനമന്ത്രി ജന്‍ധന്‍ യോജനയിലൂടെ 17 കോടി ജനങ്ങള്‍ക്ക് ബാങ്ക് അക്കൗണ്ട് തുറക്കാന്‍ കഴിഞ്ഞു. 18000ത്തോളം ഗ്രാമങ്ങളില്‍ 100 ദിവസത്തിനകം വൈദ്യുതി എത്തിക്കും. അഴിമതി തുടച്ച് നീക്കും. വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ പദ്ധതിയില്‍ അധികം വൈകാതെ തീരുമാനമുണ്ടാക്കും എന്നിങ്ങനെയായിരുന്നു അദ്ദേഹം അന്ന് അറിയിച്ചത്.

സ്വരാജ്യത്തില്‍ നിന്ന് സുരാജ്യത്തിലേക്ക് മാറാന്‍ ആഹ്വാനം ചെയ്താണ് 2016ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസംഗം തുടങ്ങിയത്. അന്ന് അദ്ദേഹം 94 മിനിറ്റ് പ്രസംഗിച്ചു. 1947 ല്‍ 72 മിനിറ്റ് നീണ്ട പ്രസംഗമായിരുന്നു നെഹ്‌റു നടത്തിയത്.തീവ്രവാദത്തിനും മാവോയിസത്തിനും മുന്നില്‍ മുട്ടുമടക്കാതെ പോരാട്ടം തുടരുമെന്ന് പ്രസംഗത്തില്‍ മോദി പറഞ്ഞു. 2020 ല്‍ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന് അദ്ദേഹം ഉറപ്പുനല്‍കി. 70 കോടി ജനങ്ങളെ ആധാറിന്‍റെ കീഴില്‍ കൊണ്ടുവന്നു. വൈദ്യുതി ഇല്ലാത്ത 10,000 ഗ്രാമങ്ങളില്‍ വൈദ്യുതി എത്തിച്ചു. ഇതൊക്കെയായിരുന്നു നേട്ടങ്ങളായി നിരത്തിയത്. സ്വാതന്ത്ര്യ സമര സേനാനികള്‍ക്ക് 30 ശതമാനം പെന്‍ഷന്‍ വര്‍ധനയും പൊലീസിനയെും ആദായനികുതി വകുപ്പിനെയും ഭയക്കാതെ ജീവിക്കാനുള്ള അന്തരീക്ഷം സാധാരണക്കാര്‍ക്ക് ഉറപ്പാക്കുമെന്നതുമായിരുന്നു പ്രധാന പ്രഖ്യാപനങ്ങള്‍.

രാജ്യം നേരിട്ട ചില പ്രകൃതിദുരന്തങ്ങളെ ഓര്‍ത്തു കൊണ്ടായിരുന്നു 2017ല്‍ സ്വാതന്ത്ര്യദിന പ്രസംഗം തുടങ്ങിയത്. തീവ്രവാദികളെയും നുഴഞ്ഞു കയറ്റക്കാരെയും തുരത്താന്‍ പ്രാപ്തരായ സൈന്യം സുസജ്ജമാണ്. പാവപ്പെട്ട പൗരന്‍മാര്‍ക്ക് ബാങ്ക് അക്കൗണ്ടുകള്‍ തുറന്ന് നല്‍കി. നോട്ടുനിരോധനം വഴി രാജ്യത്ത് നടക്കുന്ന അഴിമതികള്‍ കണ്ടെത്തി, കണക്കില്‍പ്പെടാത്ത കോടിക്കണക്കിന് രൂപ കണ്ടുകെട്ടി. ജോലി ചെയ്യുന്ന വനിതകള്‍ക്കുള്ള പ്രസവാവധി 6 മാസമായി വര്‍ധിപ്പിച്ചു എന്നിവ മോദി എടുത്തു പറഞ്ഞു. 2022 ഓടെ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്നും യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും കൂടുതല്‍ തൊഴിലവസരങ്ങളുണ്ടാകുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

ഇന്ത്യ ലോകത്തെ ആറാമത്തെ സാമ്പത്തിക ശക്തിയായി മാറിയെന്നാണ് 2018ല്‍ പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തിയ പ്രസംഗത്തില്‍ മോദി പ്രധാനമായും എടുത്തുപറഞ്ഞത്. പിന്നോക്ക വിഭാഗങ്ങളുടെ (ഒബിസി) കമ്മീഷൻ തയ്യാറാക്കാനായി ബിൽ പാസാക്കിയത് മോദി ഊന്നിപ്പറഞ്ഞു.ഭരണഘടനയിലെ 370, 35 എ അനുച്ഛേദങ്ങള്‍ റദ്ദാക്കാന്‍ സാധിച്ചത് സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ സ്വപ്‌നത്തിന്റെ സാക്ഷാത്കാരമാണെന്ന് 2019ല്‍ 73-ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന വേളയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. മുസ്ലീം വനിതകളുടെ അവകാശം സംരക്ഷിക്കുന്നതിന് മുത്തലാഖിനെതിരെ നിയമം കൊണ്ടുവന്നതും, ഭീകരപ്രവര്‍ത്തനം ചെറുക്കുന്നതിനുള്ള നിയമം കൂടുതല്‍ കര്‍ശനവും ശക്തവുമാക്കുന്നതിന് സുപ്രധാന നിയമഭേദഗതികള്‍ കൊണ്ടുവന്നതും പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി യോജനയുടെ ഗുണഭോക്താക്കളായ കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ഏകദേശം 90,000 കോടി രൂപ കൈമാറിയതു പോലെയുള്ള ബൃഹത്തായ പ്രഖ്യാപനങ്ങളാണ് വെറും പത്താഴ്ചയ്ക്കുള്ളില്‍ നടത്തിയതെന്ന് മോദി ഊന്നിപ്പറഞ്ഞു. ആർട്ടിക്കിൾ 370 അസാധുവാക്കിയതിനുശേഷം, ‘ഒരു രാഷ്ട്രം, ഒരു ഭരണഘടന’ എന്ന മനോഭാവം ഇന്ത്യയിൽ യാഥാർത്ഥ്യമായതായി അദ്ദേഹം പറഞ്ഞു.

സ്വാതന്ത്ര്യസമരസേനാനികള്‍, രക്തസാക്ഷികള്‍, ധീരാത്മാക്കള്‍ എന്നിവര്‍ക്കും അവരുടെ ഊര്‍ജ്ജസ്വലതയ്ക്കും സമര്‍പ്പണത്തിനും ആദരാഞ്ജലികള്‍ അര്‍പ്പിക്കാനുള്ള അവസരമാണിതെന്ന് പറഞ്ഞായിരുന്നു 2020ല്‍ മോദി പ്രസംഗം ആരംഭിച്ചത്. സായുധസേനയിലെയും അര്‍ദ്ധസൈനിക വിഭാഗങ്ങളിലെയും ധീരരായ സൈനികരും പോലീസ് ഉദ്യോഗസ്ഥരും സുരക്ഷാസേനകളും എല്ലാവരും ഭാരത മാതാവിനെ സംരക്ഷിക്കുന്നതില്‍ ഏര്‍പ്പെട്ടിരിക്കുകയാണെന്നും സാധാരണക്കാരെ സംരക്ഷിക്കുന്നതില്‍ ഏര്‍പ്പെട്ടിരിക്കുന്ന അവരുടെ ത്യാഗവും തപസും ആത്മാര്‍ത്ഥമായും പൂര്‍ണ്ണമനസോടെയും അനുസ്മരിക്കേണ്ട ദിവസമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു. കൊവിഡ് മുന്നണിപ്പോരാളികളുടെയും കൊവിഡ് പോരാട്ടത്തില്‍ പങ്കാളികളായ എല്ലാവരുടെയും സമര്‍പ്പണത്തെ വന്ദിക്കുന്നതായി പ്രധാനമന്ത്രി പറഞ്ഞു.

കൊവിഡ് പോരാട്ടത്തിനിടെ ജീവന്‍ പൊലിഞ്ഞവര്‍ക്കും പ്രകൃതി ദുരന്തങ്ങളില്‍ മരണപ്പെട്ടവര്‍ക്കും മോദി ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. കൊവിഡ് മഹാമാരിയെ അതിജീവിക്കാന്‍ ഒന്നിച്ചു നില്‍ക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ‘സ്വാശ്രയ ഇന്ത്യ’ (ആത്മനിര്‍ഭര്‍ ഭാരത്) എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിന് നാം സാക്ഷിയായി കൊണ്ടിരി ക്കുകയാണെന്നും ‘സ്വാശ്രയ ഇന്ത്യ’ എന്നത് വെറുമൊരു വാക്കല്ല, അത് 130 കോടി ദേശവാസികളുടെ മന്ത്രമായി മാറിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 74-ാം സ്വാതന്ത്ര്യദിന പ്രസംഗത്തിൽ മോദി ഏറ്റവുമധികം ഊന്നിപ്പറഞ്ഞത് ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിയെപ്പറ്റിയായിരുന്നു. രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ച് 73 വര്‍ഷം പിന്നിടുമ്പോള്‍ സ്വയം പര്യാപ്ത ഇന്ത്യ കെട്ടിപ്പടുക്കാനും പ്രാദേശിക ഉത്പന്നങ്ങളെ പ്രോത്സാഹിപ്പിക്കാനും ജനങ്ങള്‍ പ്രതിജ്ഞാബദ്ധമാണെന്ന് നരേന്ദ്ര മോദി പറഞ്ഞു.

മുൻപ് പിപിഇ കിറ്റുകള്‍ രാജ്യത്ത് ഉത്പാദിപ്പിച്ചിരുന്നില്ലെങ്കിൽ കൊവിഡ് പ്രതിസന്ധിയുടെ കാലത്ത് വെൻറിലേറ്ററുകളുടെയും പിപിഇ കിറ്റുകളുടെയും ആവശ്യം വര്‍ധിച്ചതോടെ ഇന്ത്യ അവ വൻതോതിൽ ഉത്പാദിപ്പിച്ചു തുടങ്ങിയതായി പ്രധാനമന്ത്രി പറഞ്ഞു. മെയ്ക്ക് ഇൻ ഇന്ത്യ എന്നതിനൊപ്പം ലോകത്തിനു വേണ്ടി നിര്‍മിക്കുക എന്നതു കൂടി നമ്മുടെ മന്ത്രമാകണമെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
മഹാത്മാ ഗാന്ധി ഉള്‍പ്പെടെ ധീര സമരസേനാനികളുടെ നേതൃത്വത്തില്‍ നിരവധി സമര മുറകളിലൂടെ ബ്രിട്ടീഷ് ആധിപത്യത്തെ തോല്‍പ്പിച്ച് ഇന്ത്യ സ്വാതന്ത്ര്യം നേടിയതിന്‍റെ 75-ാം വാര്‍ഷികം ആഘോഷിക്കുകയാണ് നാം ഇക്കുറി.