സന്ദര്‍ശക വിസയില്‍ ഇന്ത്യക്കാര്‍ക്കും യുഎഇയിലെത്താം
ലോകാരോഗ്യ സംഘടന അംഗീകരിച്ച വാക്സിനുകള്‍ അറിയാം

യുഎഇയിലേക്ക് എല്ലാ രാജ്യങ്ങളില്‍ നിന്നുമുള്ള  സന്ദർശക വിസക്കാര്‍ക്ക് യാത്ര ചെയ്യാന്‍ അധികൃതര്‍ അനുമതി നല്‍കിയിരിക്കുകയാണ്. പുതിയ തീരുമാനം  ഓഗസ്റ്റ് 3 )മുതലാണ് നിലവിൽ വന്നത്‌.

ലോകാരോഗ്യ സംഘടന അംഗീകരിച്ച കൊവിഡ് വാക്‌സിന്റെ രണ്ട് ഡോസും സ്വീകരിച്ചവര്‍ക്കാണ് യാത്രാനുമതി നല്‍കിയിട്ടുള്ളത്. യുഎഇയിലേക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയിരുന്ന രാജ്യക്കാര്‍ക്കും ടൂറിസ്റ്റ് വിസയില്‍ യാത്ര ചെയ്യാനുള്ള അനുമതിയാണ് നല്‍കിയിട്ടുള്ളത്.


ഇന്ത്യക്കാര്‍ക്ക് ഉള്‍പ്പെടെ ആശ്വാസകരമായ തീരുമാനമാണിത്. ഇത്തരത്തില്‍ സന്ദര്‍ശക വിസയില്‍ യുഎഇയിലെത്തുന്നവര്‍ വിമാനത്താവളത്തില്‍ നിര്‍ബന്ധമായും റാപിഡ് പിസിആര്‍ ടെസ്റ്റ് നടത്തണം.

വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ രജിസ്റ്റര്‍ ചെയ്യാനായി  ഐസിഎ വെബ്‌സൈറ്റ്, അല്‍ ഹുസ്ന്‍ ആപ്പ് എന്നിവ ഉപയോഗിക്കാം. ലോകാരോഗ്യ സംഘടന അംഗീകരിച്ച ഏതെങ്കിലും കൊവിഡ് വാക്സിന്‍ പൂര്‍ണമായും സ്വീകരിച്ചവര്‍ക്ക് മാത്രമാണ് ടൂറിസ്റ്റ് വിസ അനുവദിക്കുക. 

ഫൈസര്‍, മൊഡേണ, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍, ഓക്സ്ഫഡ് ആസ്ട്രസെനക്ക, കൊവിഷീല്‍ഡ് (ഓക്സ്ഫഡ് ആസ്ട്രസെനക്ക ഫോര്‍മുലേഷന്‍), സിനോഫാം, സിനോവാക് കൊറോണ വാക്സിന്‍ എന്നിവയാണ് ലോകാരോഗ്യ സംഘടന അംഗീകരിച്ച വാക്സിനുകള്‍. വിവിധ ആവശ്യങ്ങള്‍ക്കായി യുഎഇയിലേക്ക് വരാന്‍ കാത്തിരിക്കുന്ന ആയിരങ്ങള്‍ക്ക് ആശ്വാസമാകുന്നതാണ് പുതിയ തീരുമാനം.