The success story of Actor Indrans

തയ്യല്‍ക്കാരന്‍ സുരേന്ദ്രനില്‍ നിന്ന് ഇന്ദ്രന്‍സിലേക്ക് 

പഴകുംതോറും വീര്യം കൂടുന്ന വീഞ്ഞുപോലെയാണ് ഇന്ദ്രന്‍സ് എന്ന നടന്‍റെ പ്രതിഭ. ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ഹോം എന്ന ചിത്രത്തിലെ ഒലിവര്‍ ട്വിസ്റ്റ് എന്ന കഥാപാത്രം മാത്രം മതി ഈ വാക്കുകള്‍ അന്വര്‍ത്ഥമാകാന്‍. മലയാള സിനിമാ പ്രേക്ഷകര്‍ക്ക് മുമ്പില്‍ സ്വാഭാവിക അഭിനയത്തിന്‍റെ മായാജാലം തീര്‍ത്ത ഇന്ദ്രന്‍സിന്‍റെ ഒലിവര്‍ ട്വിസ്റ്റ് എന്ന കഥാപാത്രത്തെ നിറ കയ്യടികളോടെ നിറഞ്ഞ പ്രതീക്ഷകളോടെ സ്വീകരിച്ചിരി ക്കുകയാണ് സിനിമ ആസ്വാദകര്‍.

പെട്ടെന്ന് ഒരു ദിവസം നായകനിരയിലേക്ക് ഉയര്‍ന്ന നടനല്ല ഇന്ദ്രന്‍സ്. അദ്ദേഹം പിന്നിട്ട വഴികള്‍ അത്രത്തോളം കഷ്ടപ്പാടുകള്‍ നിറഞ്ഞതാണ്. സിനിമയ്ക്ക് പുറത്ത് ഇന്ദ്രന്‍സ് എന്ന വ്യക്തി സാധാരണക്കാരില്‍ സാധാരണക്കാരനാണ്. താരജാഡകളില്ലാതെ എന്ന വിശേഷണത്തിന് തീര്‍ത്തും യോഗ്യന്‍. 

1956-ൽ പാലവില കൊച്ചുവേലുവിന്റെയും ഗോമതിയുടെയും ഏഴു മക്കളിൽ രണ്ടാമനായി തിരുവനന്തപുരത്തെ കുമാരപുരത്ത് ജനിച്ച സുരേന്ദ്രൻ കൊച്ചുവേലു സ്കൂള്‍ പഠനത്തിന് ശേഷം അമ്മാവനോടൊപ്പം തയ്യൽക്കാരനായി ജോലി ആരംഭിച്ചു. ഇതിനൊപ്പം തന്നെ അമേച്വർ ആർട്സ് ക്ലബ്ബുകളിൽ നാടകങ്ങളിലും അഭിനയിക്കാൻ തുടങ്ങി.  അമ്മ ചിട്ടി പിടിച്ചതു കൊണ്ട് വാങ്ങിയ തയ്യല്‍മെഷീന്‍ വെച്ചാണ് അദ്ദേഹം ഒരു തയ്യല്‍ക്കട തുടങ്ങിയത്. 

ഇന്ദ്രൻസ് എന്ന പേരിൽ തുടങ്ങിയ തയ്യല്‍ക്കടയിലൂടെ സുരേന്ദ്രന്‍ കൊച്ചുവേലു തന്‍റെ ജീവിതം തുന്നിയൊരുക്കി.  ദൂരദർശനിൽ ടെലിവിഷൻ സീരിയലായ കളിവീട്ടിലാണ് അഭിനയ ജീവിതം ആരംഭിച്ചത്. വസ്ത്രാലങ്കാര രം‌ഗത്തുനിന്നാണ് ഇന്ദ്രന്‍സ് അഭിനരംഗത്ത് എത്തുന്നത്. സിപി വിജയകുമാര്‍ സംവിധാനം ചെയ്ത സമ്മേളനം എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര വസ്ത്രാലങ്കാരകനായത്. 

The success story of Actor Indrans


പിന്നീട്  ചൂതാട്ടം,  പ്രിന്‍സിപ്പാള്‍ ഒളിവില്‍, നമുക്കു പാര്‍ക്കാന്‍ മുന്തിരിതോപ്പുകള്‍, തൂവാനതുമ്പികള്‍, മൂന്നാം പക്കം, സീസണ്‍, രാജവാഴ്ച, ഇന്നലെ, ചെറിയ ലോകവും വലിയ മനുഷ്യരും, ഞാന്‍ ഗന്ധര്‍വന്‍, കാഴ്ചക്കപ്പുറം, കാവടിയാട്ടം, ഭാഗ്യവാന്‍, കല്യാണഉണ്ണികള്‍ എന്നീ ചിത്രങ്ങള്‍ക്ക് ഉൾപ്പെടെ  വസ്ത്രാലങ്കാരം ചെയ്തു.

തീരെ മെലിഞ്ഞ ശരീരപ്രകൃതിയോടുള്ള കൗതുകമാണ് അണിയറയില്‍ നിന്ന അദ്ദേഹത്തെ ക്യാമറയ്ക്ക് മുമ്പിലെത്തിക്കാന്‍ കാരണമായത്. ജ്വലനം എന്ന സിനിമയിലൂടെ നടനിലേക്ക്. 1981ല്‍ വസ്ത്രാലങ്കാരകനായി മലയാള സിനിമാ രംഗത്ത് എത്തിയ ഇന്ദ്രന്‍സ് പിന്നീട് 250ലധികം സിനിമകളില്‍ അഭിനയിച്ചു.

സി.ഐ.ഡി ഉണ്ണികൃഷ്ണൻ ബി.എ, ബി.എഡ്. എന്ന ചിത്രത്തിലെ വേഷം അഭിനയ ജീവിതത്തിലെ വഴിത്തിരിവായി. മെലിഞ്ഞ ശരീരത്തിന്‍റെ പേരില്‍ ഹാസ്യ കഥാപാത്രങ്ങളില്‍ ഒതുങ്ങിയ ഇന്ദ്രന്‍സിന്‍റെ വിസ്മയ പ്രകടനങ്ങള്‍ക്കാണ് കഴിഞ്ഞ കുറേ വര്‍ഷങ്ങളായി മലയാള സിനിമ സാക്ഷിയാകുന്നത്. 

2018-ൽ പുറത്തിറങ്ങിയ ആളൊരുക്കം എന്ന ചിത്രത്തിലെ അഭിനയത്തിന് ആ വർഷത്തെ മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി പുരസ്കാരം ഇന്ദ്രൻസിനെ തേടിയെത്തി. ഡോ. ബിജു സംവിധാനം ചെയ്ത ‘വെയില്‍മരങ്ങള്‍’എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള അന്താരാഷ്ട്ര പുരസ്‌കാരവും അദ്ദേഹം നേടിയിരുന്നു. 2019 ലെ സിംഗപ്പൂർ സൗത്ത് ഏഷ്യൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച നടനുള്ള പുരസ്കാരമാണ് വെയിൽമരങ്ങളിലൂടെ ഇന്ദ്രൻസ് കരസ്ഥമാക്കിയത്.

The success story of Actor Indrans


വെയിൽമരങ്ങൾ ഇരുപത്തിരണ്ടാമത് ഷാങ്ഹായി അന്താരാഷ്‌ട്ര ചലച്ചിത്രമേളയിൽ ബെസ്റ്റ് ആർട്ടിസ്റ്റിക് അച്ചീവ്‌മെന്റ് പുരസ്‌കാരം നേടി.  ലോകത്തെ ഏറ്റവും പ്രമുഖ ചലച്ചിത്ര മേളകളിലൊന്നായ ഷാങ്ഹായില്‍  പ്രധാന മത്സര വിഭാഗമായ  'ഗോൾഡൻ ഗോബ്‌ലറ്റ് ' പുരസ്‍കാരം നേടിയ ചിത്രത്തിനൊപ്പം അവസാന നിമിഷം വരെ എത്തിയ മികവുറ്റ ചിത്രത്തിന് ലഭിക്കുന്ന പുരസ്‌കാരമാണ് ഇത്.'ബെസ്റ്റ് ആർട്ടിസ്റ്റിക് അച്ചീവ്‌മെന്റ്' നേടിയതിലൂടെ ഷാങ്ങ്ഹായ് ഫെസ്റ്റിവലിൽ ഏതെങ്കിലുമൊരു പുരസ്‌കാരം നേടുന്ന ആദ്യ ഇന്ത്യൻ ചിത്രമായി വെയിൽമരങ്ങൾ മാറി.

നായകനായി അഭിനയിച്ച ചിത്രം ലോകത്തെ ഏറ്റവും പ്രശസ്തമായ ചലച്ചിത്ര മേളകളിലൊന്നിൽ മത്സര വിഭാഗത്തിൽ  പ്രദർശിപ്പിക്കുമ്പോൾ ആ സിനിമയെ പ്രതിനിധീകരിച്ചു  പങ്കെടുക്കുക എന്ന  നേട്ടം മലയാളത്തിൽ വളരെ അപൂർവം നടൻമാർക്ക് മാത്രമാണ് ലഭിച്ചിട്ടുള്ളത്. വെയിൽമരങ്ങളിലൂടെ ആ അംഗീകാരത്തിന് ഇന്ദ്രൻസ് അർഹനായി.

2014 കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് - പ്രത്യേക പരാമർശം2016 സി.പി.സി സിനി അവാർഡുകൾ - പ്രത്യേക ഓണററി അവാർഡ്എൻ.എൻ പിള്ള സ്മാരക പുരസ്‌കാരം എന്നിവയും ഇന്ദ്രന്‍സിന് ലഭിച്ചിട്ടുണ്ട്.

ഹാസ്യ നടനില്‍ നിന്ന് നായകനിലേക്ക് ചുവടുമാറിയപ്പോഴും അംഗീകാരങ്ങളുടെ പ്രഭയിലും കൂടുതല്‍ ലാളിത്യത്തോടെ സംസാരിക്കുന്ന, പെരുമാറുന്ന ഇന്ദ്രന്‍സിനെയാണ് പ്രേക്ഷകര്‍ കണ്ടത്. ഈ എളിമ തന്നെയാണ് ഇന്ദ്രന്‍സ് എന്ന വ്യക്തിയെ വ്യത്യസ്തനാക്കുന്നത്. ഇതുവരെ കണ്ടതൊന്നുമല്ല ഇന്ദ്രന്‍സ് എന്ന നടന്‍. സ്വാഭാവിക അഭിനയം കൊണ്ട് നമ്മെ വിസ്മയിപ്പിക്കുന്ന ഇന്ദ്രന്‍സ് കഥാപാത്രങ്ങള്‍ ഇനി വരാനിരിക്കുന്നതേയുള്ളൂ എന്നതിന് തെളിവാണ് ഹോം എന്ന സിനിമയിലെ ഒലിവര്‍ ട്വിസ്റ്റ്.